കണ്ണൂര്‍: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് നിര്‍മാണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് വിപുലമായ സംവിധാനത്തിന് ജില്ലാ ആസൂത്രണ സമിതി രൂപം നല്കി. റോഡുകളുടെ ഗുണനിലവാരമില്ലായ്മയെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട ഡിപിസിയുടെ ആദ്യ യോഗത്തില്‍ ഇക്കാര്യത്തില്‍ കര്‍ശനമായ തീരുമാനമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്ത റോഡുകള്‍ പെട്ടെന്നുതന്നെ പൊട്ടിപ്പൊളിയുന്ന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി യോഗം നിയന്ത്രിച്ച ഡിപിസി ചെയര്മാന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് പറഞ്ഞു. റോഡ് തകര്‍ന്നതിനു ശേഷം കരാറുകാരെക്കൊണ്ട് നന്നാക്കിക്കുന്നതിനു പകരം നിര്‍മാണവേളയില്‍ തന്നെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് വേണ്ടത്. അതിന് ജില്ലാതലത്തില്‍ ശക്തമായ ക്വാളിറ്റി കണ്ട്രോള് ടീമിന് രൂപം നല്‍കും. അതോടൊപ്പം ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ക്വാളിറ്റി കണ്ട്രോള് ടീം സമര്‍പ്പിക്കുന്ന പ്രതിമാസ റിപ്പോര്‍ട്ട് ഡിപിസി ചര്‍ച്ച ചെയ്യും. പ്രവൃത്തികളില്‍ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്ക് വീണ്ടും ഇത്തരം കരാറുകള്‍ ലഭിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. ഇത്തരക്കാരുടെ പ്രത്യേക പട്ടിക തയ്യാറാക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി. യോഗത്തില്‍ സമിതി അംഗങ്ങളായ ഇ.പി. ലത, കെ.പി.ജയബാലന്‍, വി.കെ.സുരേഷ് ബാബു, കെ.ശോഭ, ടി.ടി.റംല, അജിത് മാട്ടൂല്‍, പി.ഗൗരി, സുമിത്ര ഭാസ്കരന്, പി.ജാനകി, പി.കെ.ശ്യാമള ടീച്ചര്‍, എം.സുകുമാരന്‍, കെ.വി.ഗോവിന്ദന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.പ്രകാശന്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: