ദമാസ്‌കസ്: സിറിയന്‍ സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും ആക്രമണം രൂക്ഷമായ അലപ്പോയില്‍ ഒഴിപ്പിക്കലിന് തടസം ഇറാനാണെന്ന് വിമതര്‍.
മേഖലയില്‍ കുടുങ്ങിയ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിന് തടസം ഇറാനും ഷിയാ അനുകൂല സായുധ സംഘടനകളുമാണെന്നും റഷ്യ കരാറിനോട് പ്രതിബദ്ധത പുലര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സിറിയയിലെ മുതിര്‍ന്ന വിമത വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച 3000 പേരെ ഒഴിപ്പിച്ചിരുന്നു. ഇതിനിടെ ചില ഗ്രൂപ്പുകള്‍ 800 പേരെ തിരിച്ചയക്കുകയും ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുകയും ചെയ്തു. ആയിരത്തോളം പേര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം തടഞ്ഞ്, ആളുകളോട് വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ അവര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് റോഡില്‍ കമിഴ്ന്നുകിടക്കാന്‍ കല്‍പിച്ചതായും കൈകള്‍ വിലങ്ങുകൊണ്ട് ബന്ധിച്ചശേഷം നാലുപേരെ വെടിവെച്ച് കൊന്നതായും വിമതര്‍ വ്യക്തമാക്കി. ചില സൈനികര്‍ നാട്ടുകാരില്‍ നിന്ന് പണം അപഹരിക്കുകയും ചെയ്തതായി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പം സഞ്ചരിച്ച അല്‍ജസീറ റിപ്പോര്‍ട്ടര്‍ പറഞ്ഞിരുന്നു.
ജബ്ഹത് ഫതഹ് അല്‍ ശാമിന്റെയും ഇതര സായുധവിമതരുടെയും നിയന്ത്രണത്തിലുള്ള ഇദ് ലിബ് നഗരത്തിലേക്കാണ് കുടിയൊഴിപ്പിക്കപ്പെടുന്നവരെ കൊണ്ടുപോവുന്നത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയിലൂടെ സഞ്ചരിച്ചുവേണം ഇദ് ലിബില്‍ എത്താന്‍.
















