പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിനെ ആര്‍സിസി മോഡല്‍ സ്വയംഭരണ സ്ഥാനപമാക്കി മാറ്റുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സംഘം മെഡിക്കല്‍ കോളേജിലെത്തി പരിശോധന നടത്തി. മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പള്‍ ഡോ.കെ.മോഹനന്റെ നേതൃത്വത്തില്‍ ഡോ.സി.പി.വിജയന്‍, ഡോ.രാജീവന്‍, ഡോ.സജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ പരിയാരത്തെത്തിയത്. പ്രിന്‍സിപ്പള്‍ ഡോ.കെ.സുധാകരനുമായി ചര്‍ച്ച നടത്തിയ സംഘം വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ സന്ദര്‍ശിച്ചു. സമിതി നാളെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിവിധ വകുപ്പുകളിലുള്ള ഡോക്ടര്‍മാരുടെ യോഗ്യതകളും മറ്റുമാണ് സംഘം പരിശോധിച്ചത്.
ആശുപത്രി ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍, എം.ഡി.കെ.രവി എന്നിവരുള്‍പ്പെട്ട സംഘം ഇവരുമായി ചര്‍ച്ച നടത്തി. ജീവനക്കാരുടെ യോഗ്യതകളും മറ്റും വിലയിരുത്താനുള്ള വിദഗ്ധ സംഘം അടുത്ത ദിവസം പരിയാരത്തെത്തും. പാരാമെഡിക്കല്‍, ദന്തല്‍, നെഴ്‌സിംഗ്, ഹൃദയാലയ എന്നീ വിഭാഗങ്ങളുടെ പരിശോധനക്കുള്ള സംഘം ഒരാഴ്ചക്കുള്ളിലെത്തും. എല്ലാ വിദഗ്ധ സംഘങ്ങളുടെയും പരിശോധന 20ന് മുമ്പായി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള അഞ്ച് സംഘങ്ങളെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഈ അഞ്ച് സംഘങ്ങളുടെയും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പരിയാരം സ്വയം ഭരണ സ്ഥാപനമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഉണ്ടാകും. ബജറ്റ് വിഹിതം അനുവദിക്കിലുണ്ടായേക്കാവുന്ന സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനാണ് ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി അടിയന്തിര ഓര്‍ഡിന്‍സ് പുറപ്പെടുവിക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.
















