മുഹമ്മ: ചാരമംഗലം ഗവ: ഡിവി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് 13ന് തുടക്കമാകും. കൂറ്റുവേലി ദേവസ്വത്തിന്റെയും തെക്കേടത്ത് കുടുംബത്തിന്റെയും നേതൃത്വത്തില്‍ 1917-ല്‍ പ്രൈമറി സ്‌കൂളായി ആരംഭിച്ച വിദ്യാലായം പിന്നീട് ഗവണ്‍മെന്റിന് വിട്ടുകൊടുത്തു.
1984-ല്‍ ഹൈസ്‌കൂളായും 2000-ല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തി. ഇപ്പോള്‍ 1600 കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ മുന്നിലാണ്. ഒളിമ്പ്യന്‍ മനോജ്‌ലാല്‍ ഉള്‍പ്പെടെ നിരവതി കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. കായിക രംഗത്തെ 50 ഓളം പ്രതിഭകള്‍ വിവിധ സ്‌കൂളുകളില്‍ കായിക അദ്ധ്യാപകരായി സേവനം അനിഷ്ഠിക്കുന്നുണ്ട്. സംസ്ഥാന അവാര്‍ഡ് ലഭിച്ച കെ.കെ. പ്രതാപന്റെ നേതൃത്വത്തിലാണ് കായിക പരിശീലനം നല്‍കുന്നത്.
10-ാം ക്ലാസില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ ഈ സ്‌കൂള്‍ ശതാബ്ദി വര്‍ഷത്തില്‍ എല്ലാ വിഷയത്തിനും 100 എ പ്ലസ് എന്ന ലക്ഷ്യംവെച്ചാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്. വിദ്യാഭ്യാസ-സാഹിത്യ സെമിനാറുകള്‍,കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം, രക്തദാന സേന, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മാണം എന്നിവ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടക്കും.
പതിമൂന്നിന് രാവിലെ സാംസ്‌ക്കാരിക ഘോഷയാത്രയോടെ ആഘോഷത്തിന് തുടക്കമാകും. രാവിലെ പതിനൊന്നിന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ആഘോഷം ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്‍ അദ്ധ്യക്ഷത വഹിക്കും. കെ. സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും.
















