ന്യൂദല്‍ഹി: പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നിര്‍മാണത്തിന് സാമഗ്രികള്‍ ശേഖരിച്ചു തുടങ്ങിയതായി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ലോക്‌സഭയിലെ ചോദ്യത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് കേന്ദ്രധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മെഹ്‌വാള്‍ തീരുമാനം വ്യക്തമാക്കിയത്.
പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കുന്നത് വര്‍ഷങ്ങളായി റിസര്‍വ്വ് ബാങ്കിന്റെ പരിഗണനയിലുണ്ട്. പത്ത് രൂപയുടെ ഒരു ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് 2014 ഫെബ്രുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളുള്ള രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനായിരുന്നു പദ്ധതി. കൊച്ചി, മൈസൂര്‍, ജയ്‌പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് തെരഞ്ഞെടുത്തത്.
പ്ലാസ്റ്റിക് നോട്ടുകള്‍ ശരാശരി അഞ്ച് വര്‍ഷത്തോളം നിലനില്‍ക്കും. അനുകരിക്കാന്‍ സാധിക്കില്ലെന്നതിനാല്‍ കള്ളനോട്ടുകള്‍ തടയാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കള്ളനോട്ട് തടയാന്‍ ഓസ്‌ട്രേലിയയാണ് ആദ്യം പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിച്ചത്. സാധാരണ നോട്ടുകളെ അപേക്ഷിച്ച് പ്ലാസ്റ്റിക് നോട്ടുകള്‍ മുഷിയാന്‍ സാധ്യത കുറവാണ്.
സുരക്ഷാ നാരില്ലാതെ ആയിരം രൂപയുടെ നോട്ടുകള്‍ ലഭിച്ചെന്ന് റിസര്‍വ്വ് ബാങ്ക് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതായും മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. 2015ലായിരുന്നു ഇത്.
നാസിക്കിലെ പ്രസ്സിലാണ് വീഴ്ചയുണ്ടായത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കര്‍ശനമാക്കി. സ്ഥിരം പരിശോധനകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കിയതായും മന്ത്രി പറഞ്ഞു.
















