ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സിനിമ താരം ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചു. തന്റെ ഔദ്യോഗിക ബ്ലോഗില്‍ പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തു സഹിതമാണ് ഗൗതമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയലളിതയുടെ ചികിത്സയും മരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നീക്കണമെന്നാണ് കത്തിലെ ആവശ്യം.
ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമുള്ള 65 ദിവസത്തോളം നടന്ന സംഭവങ്ങളും കാര്യത്തിന്റെ പുരോഗതിയും സംശയം ജനിപ്പിക്കുന്നതായി ഗൗതമി ചൂണ്ടിക്കാട്ടുന്നു. ചികിത്സ, രോഗം കുറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍, ഇടയ്ക്ക് പെട്ടെന്നു രോഗം മൂര്‍ച്ഛിച്ചത്, ഹൃദയസ്തംഭനം തുടങ്ങി ഓരോ കാര്യങ്ങളും സംശയം ജനിപ്പിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ എല്ലാം അന്വേഷണം നടത്തി ദുരൂഹത പുറത്തു കൊണ്ടുവരണമെന്നാണ് ഗൗതമി കത്തില്‍ ആവശ്യപ്പെടുന്നത്.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല. പ്രമുഖരായ പലരും അവരെ കാണാന്‍ ആശുപത്രിയിലെത്തിയെങ്കിലും സന്ദര്‍ശനം അനുവദിച്ചില്ല. തമിഴ്നാട് മുഖ്യമന്ത്രിയും സ്നേഹനിധിയുമായ ജയലളിതയെ പോലൊരു നേതാവിന്റെ കാര്യത്തില്‍ എന്തിനായിരുന്നു ഇത്ര രഹസ്യസ്വഭാവം കാത്തു സൂക്ഷിച്ചത്. ജയലളിതയെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചത് ഏത് അധികാരകേന്ദ്രമാണ്. കത്തിലൂടെ ഗൗതമി ചോദിക്കുന്നു.
ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കേണ്ട ബാധ്യത ആര്‍ക്കാണെന്ന് ചോദിക്കുന്ന ഗൗതമി ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ തമിഴ് ജനതയുടെ മനസില്‍ ഉണ്ടെന്നും അവര്‍ക്കായി താന്‍ ചോദിക്കുകയാണെന്നും പറയുന്നു. ജനങ്ങള്‍ക്ക് തങ്ങളുടെ പ്രതിനിധികളുടെ കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. ജനങ്ങളുടെ സ്നേഹനിധിയായ നേതാവിന്റെ ആരോഗ്യത്തെ കുറിച്ചും മറ്റും ആശങ്ക ഉണ്ടാവുക സ്വാഭാവികമാണ്.
അതിനാല്‍ ഇത്തരം ദുരന്തങ്ങളുടെ കാരണങ്ങള്‍ ഏത് സാഹചര്യത്തിലായാലും ചോദ്യംചെയ്യപ്പെടാതെ പോവുകയോ ഉത്തരം ലഭിക്കാതെ പോവുകയോ അരുത്. തന്റെ ആശങ്കകള്‍ മനസിലാക്കി സംഭവത്തില്‍ ഇടപെടുമെന്ന പൂര്‍ണവിശ്വാസത്തിലാണ് പ്രധാനമന്ത്രിക്ക് ഈ കത്ത് എഴുതുന്നതെന്നും പറഞ്ഞു കൊണ്ടാണ് ഗൗതമി കത്ത് അവസാനിപ്പിക്കുന്നത്.
















