തലശ്ശേരി: ഉപജില്ലാ കലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയ വിദ്യാര്‍ത്ഥിനിക്ക് കോടതിവഴിതുറന്നപ്പോള്‍ ജില്ലാ കലോത്സവത്തില്‍ ഒന്നാംസ്ഥാനം. കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ പെരളശ്ശേരി എകെജി സ്മാരക ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ ആരാധ്യ രാഗേഷാണ് മലയാളം പദ്യംചൊല്ലല്‍ മത്സരത്തില്‍ ജില്ലയില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനത്തെത്തിയത്.
സുഗതകുമാരിയുടെ വനിതാ കമ്മീഷന്‍ എന്ന കവിതയാണ് ആരാധ്യ അവതരിപ്പിച്ചത്. ഉപജില്ലാ മത്സരത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചപ്പോള്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളിയതിനാല്‍ അഡ്വ.രാജേഷ് മുഖേന തലശ്ശേരി കോടതിയെ സമീപിച്ച് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഉത്തരവ് നല്‍കുകയായിരുന്നു. വിദ്യാലയത്തിലെ അധ്യാപികയായ ബീന ഗംഗാധരനാണ് ആരാധ്യയെ അഭ്യസിപ്പിച്ചത്. ചക്കരക്കല്ലിലെ മൃദംഗിസ്റ്റായ രാഗേഷ്-കലാമണ്ഡലം ഉഷാ നന്ദിനി ദമ്പതികളുടെ മകളായ ആരാധ്യ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ നടന്ന ദേശഭക്തിഗാനമത്സരത്തില്‍ ഒന്നാം നേടിയ ടീമില്‍ ആരാധ്യയുമുണ്ടായിരുന്നു. ഭരതനാട്യം, വയലിന്‍, സംഘഗാനം എന്നീ ഇനങ്ങളിലും ആരാധ്യ ഇന്ന് മാറ്റുരക്കുന്നുണ്ട്.
















