കരിവെള്ളൂര്‍: കരിവെള്ളൂര്‍ ശ്രീമുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ജനുവരി 7 മുതല്‍ 12 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി ആരംഭിച്ച എഴുള്ളത്ത് വരും ദിവസങ്ങളില്‍ ക്ഷേത്രപരിധിയിലെ കരിവെള്ളൂര്‍, ഇയ്യക്കാട്, ചന്തേര, പലിയേരി, കൂക്കാനം, വടക്കുമ്പാട്, വെള്ളച്ചാല്‍, പിലിക്കോട്, എരവില്‍, മണക്കാട്, ചെറുമൂല, പെരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കും. സാധാരണയായി പൂരം കഴിഞ്ഞുവരുന്ന ദിവസങ്ങളില്‍ എഴുള്ളത്ത് നടത്താറുണ്ട്. എഴുള്ളത്ത് സമാപിക്കുന്ന ദിവസം വടക്കേംഭാഗം അടിയന്തിരവും ഉണ്ടാകും. കളിയാട്ടത്തോടനുബന്ധിച്ച് നടത്തുന്ന എഴുള്ളത്തിന്റെ സമാപനത്തില്‍ വടക്കേംഭാഗം അടിയന്തിരമില്ല, പകരം കളിയാട്ടം കഴിഞ്ഞതിന്റെ രണ്ടാം ദിവസം കരിയടിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് വടക്കേംഭാഗം ചടങ്ങുകള്‍ നടത്തും. ഒന്നാം ദിവസം ആദ്യം കരിവെള്ളൂര്‍ ശ്രീ മഹാശിവക്ഷേത്രത്തിലും, പിന്നീട് പനക്കാച്ചേരി നമ്പിയുടെ പറമ്പില്‍ പ്രസാദം അര്‍പ്പിച്ച് ക്ഷേത്രം കോയ്യമക്കാരുടെ ഭവനത്തില്‍ എഴുള്ളത്ത് നടത്തുന്നു. ഭഗവതിക്ക് നീരും നിലവും നല്‍കിയതിന്റെ ഐതിഹ്യപ്രകാരമാണ് പനക്കാച്ചേരി നമ്പിയുടെ പറമ്പില്‍ പ്രസാദം അര്‍പ്പിക്കുന്നത്. വൈകുന്നേരം മൂന്ന് മണിക്ക് ക്ഷേത്രത്തില്‍ നിന്നും എഴുള്ളത്ത് പുറപ്പെട്ടാല്‍ രാത്രി 2 മണിവരെ എഴുള്ളത്ത് നടത്തി ക്ഷേത്രത്തില്‍ തിരിച്ചെത്തും. എഴുള്ളത്തിനോടൊപ്പം ധാരാളം ക്ഷേത്രാംഗങ്ങളും കോയ്‌മയും അകമ്പടി സേവിക്കും. സമുദായാംഗങ്ങളുടെ വീട്ടില്‍ ഭഗവതി പടിഞ്ഞാറ്റയിലും ഉപദേവീദേവന്‍മാരായ കണ്ണങ്ങാട്ട് ഭഗവതിയും പുലിയൂരുകാളിയും പുലിയൂരുകണ്ണനും മാറ്റുവിരിച്ച ഇരിപ്പിടങ്ങളില്‍ ഇരുന്ന് താംബൂലം സ്വീകരിച്ച് മഞ്ഞള്‍പ്രസാദവും നല്‍കി വരും.
















