കൂത്തുപറമ്പ്: തൊടിക്കളത്തെ പവിത്രന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്ത് മൂന്നാംമുറക്ക് വിധേയനാക്കിയ മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന് പ്രലോഭനവും ഭീഷണിയുമായി പോലീസ്.
ഡിവൈഎസ്പിമാരായ പ്രിന്‍സ് എബ്രഹാം, പി.പി.സദാനന്ദന്‍ എന്നിവര്‍ തന്നെ വന്ന് കാണുകയും അവര്‍ക്കെതിരായ പരാതി പിന്‍വലിക്കുകയാണെങ്കില്‍ ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ സഹായം നല്‍കുമെന്നും അല്ലാത്തപക്ഷം ജയിലില്‍ തന്നെ കിടക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി കോടതിയില്‍ ഹാജരാക്കിയ സുബീഷ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. തങ്ങള്‍ക്കെതിരെയുള്ള പരാതി പിന്‍വലിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും കുടുബാംഗങ്ങളെയുള്‍പ്പെടെ കേസില്‍ ഉള്‍പ്പെടുത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി. പോലീസ് കസ്റ്റഡിലെടുത്ത സുബീഷിനെ നേരത്തെ മൂന്നാംമുറക്ക് വിധേയനാക്കി ചില കേസുകളില്‍ നിര്‍ബന്ധിച്ച് മൊഴി കൊടുപ്പിച്ചത് ഏറെ വിവാദമായിരുന്നു. തന്നെ രണ്ട് ഡിവൈഎസ്പിമാരുള്‍പ്പെടെയുള്ള പോലീസ് സംഘം അതിക്രൂരമായി മര്‍ദ്ദിച്ചതായി സുബീഷ് രേഖാമൂലം കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കെയാണ് സുബീഷിനെ പോലീസ് വീണ്ടും ഭീഷണിപ്പെടുത്തിയിരിക്കുന്നത്.
















