ആദരവോടെ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം ജയലളിത
”അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള വ്യക്തിത്വമായിരുന്നു ജയലളിതയുടേത്. എംജിആറിന്റെ വിടവ് നികത്താനാവുന്ന ഗുണഗണങ്ങള്‍ ജയലളിതയ്‌ക്കുണ്ടായിരുന്നു. എംജിആറിനേക്കാള്‍ ബുദ്ധിശാലി. എംജിആറിനേക്കാള്‍ വിദ്യാഭ്യാസവും അവര്‍ നേടി. സ്വയം വിവരങ്ങള്‍ ഗ്രഹിക്കുന്നതില്‍ മികവു കാട്ടി. നിരവധി പുസ്തകങ്ങള്‍ വായിച്ച് അറിവു സമ്പാദിച്ചു. എംജിആറിനേക്കാള്‍ വലുതായി. എന്നാല്‍ ആരിലും ഭയം സൃഷ്ടിച്ചു. എംജിആറിനെ എല്ലാവരും സ്‌നേഹിക്കുകയായിരുന്നു, ഭയന്നിരുന്നില്ല. ജയലളിതയോട് ഭയമായിരുന്നു പലര്‍ക്കും”, ഡോ. സുബഹ്മണ്യന്‍ സ്വാമി പറഞ്ഞു തുടങ്ങി.
പതിറ്റാണ്ടുകളുടെ ബന്ധമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും സുബ്രഹ്മണ്യന്‍ സ്വാമിയും തമ്മിലുള്ളത്. പലപ്പോഴും അത് ഇണങ്ങിയും പിണങ്ങിയും മുന്നോട്ടു നീങ്ങി. 1992ല്‍ തമിഴ്‌നാട് വ്യാവസായിക വികസന കോര്‍പ്പറേഷന്‍ കേസുമായി ബന്ധപ്പെട്ടാണ് സുബ്രഹ്മണ്യന്‍ സ്വാമിയും ജയലളിതയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം. കോര്‍പ്പറേഷന്‍ ചെയര്‍മാനായ ഐഎഎസ് ഉദ്യോഗസ്ഥ ചന്ദ്രലേഖയ്‌ക്കെതിരെ നടന്ന വിവാദമായ ആസിഡ് ആക്രമണവും ജയലളിതയ്‌ക്കെതിരായ നടപടികളും തമിഴ് രാഷ്‌ട്രീയത്തില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്.
ചന്ദ്രലേഖയെ പിന്തുണച്ച് രംഗത്തെത്തിയ ഏക പാര്‍ട്ടി സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജനതാ പാര്‍ട്ടിയായിരുന്നു. അതേ വര്‍ഷംതന്നെ, തമിഴ്‌നാട് ചെറുകിട വ്യാവസായിക കോര്‍പ്പറേഷന്റെ ആസ്തികള്‍ ജയ പബ്ലിക്കേഷന്‍സും തോഴി ശശികലയുടെ ശശി എന്റര്‍പ്രൈസും വാങ്ങിയ സംഭവത്തില്‍ സുബ്രഹ്മണ്യന്‍ സ്വാമി കേസുമായി മുന്നോട്ടുപോയി. സംസ്ഥാന സര്‍ക്കാരിന് മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ കേസില്‍ ഹൈക്കോടതിയും സുപ്രീംകോടതിയും ജയയ്‌ക്കനുകൂലമായി വിധിയെഴുതി. എന്നാല്‍ സ്വകാര്യ കമ്പനിയായ ജയ എന്റര്‍പ്രൈസസ് സര്‍ക്കാരുമായി കരാറൊപ്പിട്ട സംഭവത്തില്‍ 1992 ഒക്ടോബറില്‍ ജയലളിതയുടെ നിയമസഭാംഗത്വത്തിനെതിരെ സ്വാമി പരാതി നല്‍കി. 1995ല്‍ ജയയ്‌ക്കെതിരെ സ്വാമി ഗവര്‍ണ്ണറെ സമീപിച്ചു. രണ്ടു കേസുകളില്‍ നടപടികള്‍ തുടരാന്‍ ഗവര്‍ണ്ണറുടെ അനുമതിയും നേടിയെടുത്തു.
എല്‍ടിടിഇ നേതാവ് പ്രഭാകരനെതിരെ നടത്തിയ പദപ്രയോഗത്തിന്റെ പേരില്‍ ജയലളിത സര്‍ക്കാര്‍ സ്വാമിക്കെതിരെ കേസെടുത്തതും ഇരുവരും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ സ്വാമിയെ എഐഎഡിഎംകെക്കാര്‍ മര്‍ദ്ദിക്കുകയും ചെയ്തു. 1991-96 കാലത്തെ ജയലളിത ഭരണത്തില്‍ അവരുടെ ആസ്തികള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതു ചൂണ്ടിക്കാട്ടി സ്വാമി വീണ്ടും കേസുമായി പോയി. ഈ കേസ് 18 വര്‍ഷങ്ങളോളം നീണ്ടുപോയതും അവസാനം ജയലളിത കുറ്റവിമുക്തയായതും ചരിത്രത്തിന്റെ ഭാഗം.
ഇതിനിടെ ഇരുവരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഒരുമിച്ചു നീങ്ങിയതും തമിഴ് രാഷ്‌ട്രീയം കണ്ടു. ചെന്നൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ചന്ദ്രലേഖയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ജനതാ പാര്‍ട്ടി മത്സരിച്ചപ്പോള്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി പിന്തുണയുമായി രംഗത്തെത്തിയത് ശ്രദ്ധേയമായി. അഴിമതി നിറഞ്ഞ ഭരണത്തിലേക്ക് ഇനി തിരിച്ചു പോകില്ലെന്ന ഉറപ്പ് ജയലളിത നല്‍കിയതിനെ തുടര്‍ന്നാണ് യോജിപ്പിലെത്തിയതെന്ന് സ്വാമി പിന്നീട് വെളിപ്പെടുത്തി. ഒടുവില്‍ ഇവരുടെ സഖ്യം 1999 ഏപ്രില്‍ 14ന് വാജ്‌പേയി സര്‍ക്കാരിനെ പിന്തുണ പിന്‍വലിച്ച് താഴെയിടുന്നതിലും വിജയിച്ചു. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്നതിനെയും സ്വാമി ഫലപ്രദമായി തടഞ്ഞു.
2003ല്‍ വാജ്‌പേയി ഭരണകാലത്ത് അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ അനുകൂലിച്ച് ജയലളിത നടത്തിയ പ്രസ്താവനയും ശ്രദ്ധേയമായിരുന്നു. രാമന് ക്ഷേത്രം ഇവിടെ നിര്‍മ്മിച്ചില്ലെങ്കില്‍ പിന്നെവിടെ നിര്‍മ്മിക്കും. രാമക്ഷേത്രം അവിടെ ഉയരുകതന്നെ വേണം. ഉറച്ചതായിരുന്നു ജയലളിതയുടെ വാക്കുകള്‍.
ജയലളിത ഒരു പോരാളിയാണെന്ന് ഡോ. സ്വാമി സമ്മതിക്കും. 74 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം അവര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് സ്വാമി പറയുന്നു. എന്നാല്‍ അതേ വിസ്മയം വീണ്ടും ആവര്‍ത്തിക്കാന്‍ ഹൃദയാഘാതത്തിന് ശേഷം തമിഴ്‌നാടിന്റെ അമ്മയ്‌ക്ക് കഴിഞ്ഞില്ല.
















