ജനലക്ഷങ്ങള്‍ക്ക് ജയലളിത പ്രിയങ്കരിയായി തുടര്‍ന്നത് അമ്മ പരിവേഷത്തിന്റെ ഭാഗമായി നല്‍കിവന്ന വലിയ വലിയ സൗജന്യങ്ങളുടെയും ആനുകൂല്യങ്ങളുടെയുംകൂടി പേരിലാണ്. സ്വന്തം ഇമേജ് വര്‍ധിപ്പിക്കുക തന്നെയായിരുന്നിരിക്കാം അവരുടെ ലക്ഷ്യം. പക്ഷേ ആ പദ്ധതികളുടെ ഗുണഫലങ്ങള്‍ എല്ലാം തന്നെ സര്‍വസാധാരണക്കാരന് അനുഭവതലത്തില്‍ തൊട്ടറിയുവാന്‍ കഴിഞ്ഞിരുന്നു. പിന്നാമ്പുറത്തു നടന്നതും നടക്കുന്നതും എന്തായിരുന്നാലും വികസന പ്രവര്‍ത്തനങ്ങളുടെ അനുഭവഗുണം നാടിനും നാട്ടാര്‍ക്കും ലഭ്യമാക്കുന്നു എന്നതാണ് ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രധാനം. അതങ്ങനെ അവരില്‍ എത്തിപ്പെടുന്നു എന്നവര്‍ ശ്രദ്ധാപൂര്‍വം ഉറപ്പുവരുത്തിയിരുന്നു.
ജയലളിതയുടെ ഭരണകാലത്തു തമിഴകത്തു മൊത്തത്തിലുണ്ടായ ക്ഷേമവികസനങ്ങളും വ്യവസായ കുതിപ്പും ജനസമൂഹം വിലപ്പെട്ടതായി കാണുമ്പോള്‍ അവരുടെ ദൃഷ്ടിയില്‍ ജയലളിത വിജയിച്ച തലൈവിയാണ്. ഒരുപക്ഷേ ഈ പരിവേഷത്തിന്റെ പുറകിലാവണം വ്യക്തിപരമായ ദുഃഖങ്ങളെയും പരാജയങ്ങളെയും അവര്‍ മറന്നതും. ദൂരവ്യാപകവും പാര്‍ശ്വഫല ഹേതുവുമായ ന്യായാന്യായങ്ങള്‍ ചുഴിഞ്ഞനുപാതപ്പെടുത്തിയുള്ള ആത്യന്തികമായ വിലയിരുത്തല്‍ മീമാംസകര്‍ക്കും വിചക്ഷണര്‍ക്കുമായി വിട്ടുകൊടുക്കാം. പ്രത്യക്ഷത്തില്‍, നേര്‍ക്കാഴ്ചയില്‍ ജയലളിത തട്ടുനിറഞ്ഞുനിന്ന് അങ്കംവെട്ടിയ പോരാട്ടക്കാരിയായിരുന്നു. എംജിആറിന്റെ ഉപഗ്രഹമായി കടന്നുവന്ന അവര്‍ പിന്നീടു.കാലത്തെ സങ്കീര്‍ണതകളെ ആ നിഴല്‍ പറ്റില്ലാതെയും അതിഭവിച്ച തമിഴക രാഷ്‌ട്രീയത്തില്‍ തന്റേതായ ഒരു പര്‍വ്വം എഴുതിച്ചേര്‍ത്തു. ആ സിംഹാസനം അവര്‍ക്ക് പൈതൃകമായി ദാനം കിട്ടിയതായിരുന്നില്ല. ആരുടെയും ഔദാര്യവുമായിരുന്നില്ല.
ഇഞ്ചോടിഞ്ചു പടവെട്ടി നേടിയതാണ്. പരാജയത്തിന് മുന്‍പില്‍ അവര്‍ തളര്‍ന്നില്ല. ഓരോ വീഴ്ചയും പൂര്‍വാധികം വീര്യത്തോടെ മുന്നോട്ടുകുതിക്കുവാനുള്ള ഊര്‍ജം പുനര്‍നേടുവാനുള്ള ഇടസന്ധിയാക്കി അവര്‍ ക്ലാവു പിടിച്ച സാമൂഹ്യാവസ്ഥയില്‍ തിളക്കം ചോര്‍ന്ന് ധാര്‍മികതയെക്കുറിച്ചുള്ള അലോസരങ്ങള്‍ സ്വയം അലട്ടുവാന്‍ നിന്നുകൊടുക്കാതെയായിരുന്നു കുതിപ്പുകളത്രയും. അത് ഇന്നിന്റെ പ്രായോഗിക രാഷ്‌ട്രീയ രീതി മട്ടമായി കൗശലപൂര്‍വം അവര്‍ ഉള്‍ച്ചേര്‍ത്തു. വീരാംഗനകള്‍ക്കു ജന്മം നല്‍കിയ മണ്ണില്‍ അവകാശാധികാരങ്ങളോടെ കിരീടത്തില്‍ വിരലുകളോടിച്ചുകൊണ്ടു സിംഹാസനത്തില്‍ അവര്‍ തെളിഞ്ഞിരുന്നു.
പെണ്ണെന്ന പരിഗണനയും ആനുകൂല്യവും തനിക്കാവശ്യമില്ലെന്നും സിംഹത്തേക്കാള്‍ പോരാട്ടവീറും വീര്യവും സിംഹി കുലത്തിനുണ്ടെന്നും ശരീരഭാഷകൊണ്ടും കര്‍മചിട്ടകള്‍കൊണ്ടും അവര്‍ എതിര്‍മുഖങ്ങളോടു സന്ദേഹത്തിനിട നല്‍കാതെ ഓതിയുറപ്പിച്ചു.
















