കണ്ണൂര്‍: ജില്ലയിലെ ലൈബ്രറികള്‍ ഇനിമുതല്‍ എല്‍ഇഡി ബള്‍ബുകളാല്‍ പ്രകാശപൂരിതമാകും. വൈദ്യുത ഉപഭോഗം കുറക്കുന്നതിന്റെ ഭാഗമായി എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ 865 ലൈബ്രറികള്‍ക്ക് രണ്ട് ബള്‍ബുകള്‍ വീതം നല്‍കുമെന്ന് കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ ഡയരക്ടര്‍ കെ.എം.ധരേശന്‍ ഉണ്ണിത്താന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമേ രണ്ട് ബള്‍ബുകള്‍ ലൈബ്രറി കൗണ്‍സിലിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും നല്‍കും. നാല് എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിക്കുന്നതോടെ വൈദ്യുത ഉപഭോഗത്തില്‍ വന്‍ കുറവ് വരും. വായനശാലകള്‍ക്ക് പുറമേ ജില്ലയിലെ മുഴുവന്‍ വീടുകളിലും ഘട്ടംഘട്ടമായി എല്‍ഇഡി വിതരണം ചെയ്യാന്‍ വിവിധ ഏജന്‍സികള്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്.
















