ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതി പ്രകാരം മുംബൈയിലെ ഒരു കുടുംബം ആദായ നികുതി വകുപ്പിനോട് വെളിപ്പെടുത്തിയത് 2 ലക്ഷം കോടി രൂപ. പിഴയീടാക്കി ബാക്കി പണം സ്വന്തമാക്കാനുള്ള അബ്ദുള്‍ റസാഖ് മുഹമ്മദ് സെയ്ദ് എന്നയാളുടെയും കുടുംബത്തിന്റെയും അപേക്ഷ ആദായ നികുതി വകുപ്പ് തള്ളിക്കളഞ്ഞു. ഇവരുടെ സ്വത്തുക്കളെപ്പറ്റി സമഗ്രാന്വേഷണം ആരംഭിച്ചതായി കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ഇവരില്‍ നിന്ന് രണ്ടു ലക്ഷം കോടി രൂപയുടെ ആസ്തികളും കണ്ടുകെട്ടാനാണ് തീരുമാനം.
ആദായ നികുതി വകുപ്പിനെയും കേന്ദ്രധനമന്ത്രാലയത്തെയും അമ്പരപ്പിച്ചുകൊണ്ടാണ് ഇത്രവലിയ തുക മുംബൈയിലെ ബാന്ദ്രയിലുള്ള കുടുംബം പരസ്യപ്പെടുത്തിയത്. രണ്ടു ലക്ഷം കോടി രൂപയുടെ സ്വത്തുവകകളുണ്ടെന്ന ഇവരുടെ വെളിപ്പെടുത്തല്‍ ശതകോടികളുടെ നികുതി വെട്ടിപ്പാണ് പുറത്തുകൊണ്ടുവന്നത്. രാജ്യത്തു നടന്ന 2ജി, സ്‌പെക്ട്രം അഴിമതികളേക്കാള്‍ വലിയ തുകയാണിത്. വരുമാനം വെളിപ്പെടുത്തല്‍ പദ്ധതി (ഐഡിഎസ്) പ്രകാരം 45 ശതമാനം പിഴ ചുമത്തി ബാക്കി സ്വത്തുക്കള്‍ വെളുപ്പിക്കാനുള്ള മുംബൈ കുടുംബത്തിന്റെ ശ്രമമാണ് നവംബര്‍ 30ന് ആദായ നികുതി വകുപ്പ് തള്ളിയത്.
ബാന്ദ്ര വെസ്റ്റ് ജൂബിലി കോര്‍ട്ടിന് സമീപമുള്ള ഫ്‌ളാറ്റില്‍ താമസിക്കുന്ന കുടുംബം രാജസ്ഥാനിലെ അജ്മീറില്‍ നിന്ന് 2016 സപ്തംബറിലാണ് മുംബൈയിലെത്തിയത്. അബ്ദുള്‍ റസാഖ് മുഹമ്മദ് സെയ്ദ്, മകന്‍ മുഹമ്മദ് ആരിഫ്, ഭാര്യ രുക്‌സാന അബ്ദുള്‍ റസാഖ്, സഹോദരി നൂര്‍ജഹാന്‍ മുഹമ്മദ് സെയ്ദ് എന്നിവരാണ് അനധികൃത സ്വത്തുക്കള്‍ വെളുപ്പിക്കുന്നതിനായി ഐഡിഎസ് പദ്ധതി വഴി അപേക്ഷിച്ചത്. ഇവരുടെ പാന്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ നാലില്‍ മൂന്നുപേരുടേയും അജ്മീറിലെയാണെന്ന് തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്ന് കൂടുതല്‍ അന്വേഷണങ്ങള്‍ രാജസ്ഥാനില്‍ ആരംഭിച്ചിട്ടുണ്ട്. ഇവര്‍ ആരുടെയെങ്കിലും ബിനാമിയാണോ തുടങ്ങിയ കാര്യങ്ങളും ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.
അഹമ്മദാബാദിലെ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ മഹേഷ് കുമാര്‍ ചമ്പക് ലാല്‍ ഷാ എന്നയാള്‍ വെളിപ്പെടുത്തിയ 13,860 കോടി രൂപയുടെ ആസ്തികളും ഐഡിഎസ് പദ്ധതി പ്രകാരം പിഴയടച്ച് വെളുപ്പിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് തീരുമാനിച്ചിരുന്നു. ഒളിവിലായിരുന്ന ഇയാള്‍ ഒരു ചാനലില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഷ്‌ട്രീയക്കാരുടേയും ഉദ്യോഗസ്ഥരുടേയും കള്ളപ്പണമാണ് തന്റെ പക്കലുള്ളതെന്നാണ് മഹേഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച വരുമാനം സ്വയം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം 45 ശതമാനം പിഴയടച്ച് ബാക്കി സ്വത്തുക്കള്‍ സ്വന്തമാക്കാനുള്ള അവസരം സപ്തംബര്‍ 30ന് അവസാനിച്ചിരുന്നു. 71,726 പേര്‍ ഈ അവസരം ഉപയോഗിച്ച് 67,382 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായി കള്ളപ്പണം കൈവശം വെച്ചിരിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നോട്ട് നിരോധനമടക്കമുള്ള കര്‍ശന നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നത്. നിലവില്‍ 85 ശതമാനം പിഴയടച്ച് ശിക്ഷാ നടപടികളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
















