ഇരിക്കൂര്‍: പെരുമണ്ണ് ദുരന്തത്തിന്റെ എട്ടാം വാര്‍ഷികദിനമായ ഇന്നലെ സ്മൃതി മണ്ഡഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണവും നടത്തി. സ്‌ക്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ ജീപ്പ് പാഞ്ഞുകയറി പെരുമണ്ണ് നാരായണ വിലാസം സ്‌ക്കൂളിലെ സഹപാഠികളായ പത്ത് കുരുന്നുകള്‍ മരണപ്പെടുകയായിരുന്നു. 2008 ഡിസംബര്‍ 4ന് വൈകുന്നേരം 4 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
ഇരിക്കൂര്‍ പെരുമണ്ണിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയിലും സ്‌ക്കൂളില്‍ നടന്ന അനുസ്മരണ പരിപാടിയിലും നാട്ടുകാരും വിവിധ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസന്തകുമാരി, പടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീജ, രാധാകൃഷ്ണന്‍ കൂടാളി, വി.ഖാദര്‍, സി.പ്രസന്ന, ദിലീപ് കുമാര്‍, സി.രാജീവന്‍, ആര്‍.രാജന്‍, പ്രധാനാധ്യാപിക കെ.വനിത എന്നിവര്‍ പുഷ്പാര്‍ച്ചനയ്‌ക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം നല്‍കി.
















