ആലപ്പുഴ: നവംബര്‍ 15ന് ലഭിക്കേണ്ട പെന്‍ഷന്‍ ഇതുവരെ വിതരണം ചെയ്യാത്ത കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി, നാളെ മുതല്‍ ഡിറ്റിഒ ഓഫീസിന് മുമ്പില്‍ പ്രതിഷേധ പ്രകടനം നടത്തുവാന്‍ കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴ യൂണിറ്റ് കമ്മറ്റി തീരുമാനിച്ചു. എല്ലാ പെന്‍ഷന്‍കാരും തിങ്കളാഴ്ച രാവിലെ 11 ന് മുന്‍പ് ആലപ്പുഴ ഡിപ്പോയില്‍ എത്തിച്ചേരണമെന്ന് യൂണിറ്റ് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.
സമരപരിപാടികള്‍ ചര്‍ച്ച ചെയ്യുവാന്‍ കൂടിയ യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം.എം. പണിക്കര്‍ കേന്ദ്ര കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. എ.പി. ജയപ്രകാശ്, എം.പി. പ്രസന്നന്‍,കെ.എം. സിദ്ധാര്‍ത്ഥന്‍, എം. അബൂബക്കര്‍, പി.ജി. രാജേന്ദ്രന്‍, ബി. ഗോപകുമാര്‍, എ. കമറുദ്ദീന്‍, പി.എ. കൊച്ചുചെറുക്കന്‍, ജി. തങ്കമണി, കെ.റ്റി.മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ജില്ലയിലെ എല്ലാ യൂണിറ്റിലും കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ തിങ്കള്‍ രാവിലെ 11ന് നടക്കുന്ന പ്രതിഷേധ പ്രകടനം വിജയിപ്പിക്കണമെന്ന് ജില്ലാ സെക്രട്ടറി ഇ.ബി. വേണുഗോപാല്‍ അഭ്യര്‍ത്ഥിച്ചു. പെന്‍ഷന്‍ ലഭിക്കുംവരെ കേന്ദ്ര കമ്മറ്റി നിര്‍ദ്ദേശമനുസരിച്ച് പ്രതിഷേധ പ്രകടനം നടത്തണമെന്നും വേണുഗോപാല്‍ അഭ്യര്‍ത്ഥിച്ചു.
















