ന്യൂദല്‍ഹി: പുതിയ രണ്ടായിരം നോട്ടുകള്‍ക്ക് പുറമേ പുതിയ അഞ്ഞൂറു രൂപ നോട്ടുകള്‍ കൂടി എത്തിയതോടെ അഞ്ചു ദിവസമായി തുടര്‍ന്ന നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അയവു വരുത്തിത്തുടങ്ങി. ഇനി മുതല്‍ പ്രതിദിനം 2,500 രൂപ വരെ എടിഎമ്മില്‍ നിന്നും പിന്‍വലിക്കാം.
നേരത്തെ ഇത് 2,000 ആയിരുന്നു. ബാങ്കില്‍ നിന്നും 10,000 രൂപ മാത്രമേ പിന്‍വലിക്കാനാവൂ എന്ന നിയന്ത്രണം എടുത്തുകളഞ്ഞു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.
പ്രതിവാരം 20,000 രൂപ എന്നത് 24,000 ആയി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പുറമേ 4,500 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനും അനുമതി നല്കി. ഇതുവരെ ബാങ്ക് അക്കൗണ്ടുകളിലെത്തിയത് മൂന്നു ലക്ഷം കോടി രൂപയിലധികമാണെന്ന് യോഗത്തില്‍ ധനമന്ത്രാലയം അറിയിച്ചു.
ഇടപാടുകള്‍ക്ക് ക്യാഷ് ചെക്കുകള്‍ സ്വീകരിക്കാന്‍ വ്യാപാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും ചെക്കുകള്‍ സ്വീകരിക്കണം. ചെക്കുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം.
മുതിര്‍ന്ന പൗരന്മാര്ക്കും നോട്ടുകള്‍ മാറാനെത്തുന്നവര്ക്കും ഇന്ന് മുതല്‍ ബാങ്കുകളില്‍ പ്രത്യേക വരികളുണ്ടാകും. മൊബൈല്‍ ബാങ്കിംഗ്, ഇലക്ട്രോണിക് ബാങ്കിംഗ് എന്നിവ കൂടുതല്‍ വ്യാപകമാക്കാനും തീരുമാനിച്ചു.
പ്രതിസന്ധി രൂക്ഷമായ പ്രദേശങ്ങളെപ്പറ്റി അതാത് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കണം. റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടേയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടേയും നേതൃത്വത്തില്‍ നടന്ന ഉന്നത തലയോഗത്തിലാണ് തീരുമാനം. കള്ളപ്പണവേട്ട രാജ്യവ്യാപകമായി കൂടുതല്‍ ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: