ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ പുനപ്പരിശോധനാ ഹര്‍ജി പരിശോധിക്കുന്നതിനിടെ നടന്ന സംഭവങ്ങളില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പിന്‍വലിച്ചു. തന്നെ അപമാനിക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണ് കോടതിയില്‍ അരങ്ങേറിയതെന്ന് കുറ്റപ്പെടുത്തിയായിരുന്നു കട്ജുവിന്റെ പോസ്റ്റ്. കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി കട്ജുവിന് നോട്ടീസ് അയച്ചിരിക്കുകയാണ്.
മുന്‍ ചീഫ് ജസ്റ്റിസ് എന്ന പരിഗണന പോലും നല്‍കിയില്ല. തന്നോട് അനീതി കാണിച്ചു. വാദത്തിലുടനീളം പരിഹസിക്കുകയാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ചെയ്തത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന താന്‍ ഗൊഗോയിയേക്കാള്‍ മുതിര്‍ന്നയാളാണ്. പുനപ്പരിശോധനാ ഹര്‍ജി ആത്മാര്‍ത്ഥതയോടെയല്ല കോടതി പരിഗണിച്ചതെന്നും കട്ജു പോസ്റ്റില്‍ വിമര്‍ശിച്ചു. ഇത് വാര്‍ത്തയായതോടെ കാരണം വ്യക്തമാക്കാതെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചു.
പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയതിനെ കട്ജു നേരത്തെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് ഹര്‍ജിയായി സ്വീകരിച്ച് നേരിട്ട് ഹാജരായി വാദങ്ങള്‍ വിശദീകരിക്കാന്‍ കട്ജുവിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച കോടതിയില്‍ ഹാജരായ കട്ജു ജസ്റ്റിസ് ഗൊഗോയിയുമായി വാക്കുകളാല്‍ ഏറ്റുമുട്ടി.
കട്ജുവിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കാതിരുന്ന കട്ജു പിന്നീട് ഫേസ്ബുക്കില്‍ വിമര്‍ശിക്കുകയായിരുന്നു.
















