ന്യൂദല്‍ഹി: ഉപ്പിന് ക്ഷാമമെന്ന് ഊഹാപോഹം പടര്‍ന്നത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി. ഉപ്പ് ശേഖരിക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ ഇറങ്ങിയപ്പോള്‍ വില കിലോയ്‌ക്ക് 500 വരെയെത്തി.
ആശങ്കയകറ്റാന്‍ ഒടുവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെട്ടു. ഉപ്പ് ആവശ്യത്തിന് ലഭ്യമാണെന്ന് യുപി സര്‍ക്കാര്‍ പറഞ്ഞു. വ്യാജപ്രചാരണങ്ങളില്‍ വീഴരുതെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാനും പ്രതികരിച്ചു. അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കേസെടുക്കുമെന്ന് ദല്‍ഹി പോലീസും വ്യക്തമാക്കി.
ദല്‍ഹി, മുംബൈ, ഹൈദരാബാദ് തുടങ്ങി വിവിധ നഗരങ്ങളിലും ഉത്തര്‍ പ്രദേശിലുമാണ് ഊഹാപോഹം പ്രചരിച്ചത്. വെള്ളിയാഴ്ച രാത്രി കിഴക്കന്‍ ഉത്തര്‍പ്രദേശിലെ വ്യാപാര കേന്ദ്രത്തിലാണ് ആദ്യം പ്രചാരണമുണ്ടായത്. പിന്നീട് മറ്റിടങ്ങളിലേക്കും പടര്‍ന്നു. തുടര്‍ന്ന് വന്‍ വിലനല്‍കി ആളുകള്‍ ഉപ്പ് ശേഖരിക്കാനെത്തി.
ചാക്കുകളില്‍ ഉപ്പ് ശേഖരിക്കുന്നവരുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സാഹചര്യം മുതലെടുത്ത് കച്ചവടക്കാര്‍ വില ഉയര്‍ത്തിയതോടെ ഒരു കിലോ ഉപ്പിന്റെ വില ഇരൂനൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെയെത്തി.
ഉപ്പിനോ ഭക്ഷ്യവസ്തുക്കള്‍ക്കോ രാജ്യത്ത് ക്ഷാമമില്ലെന്ന് പാസ്വാന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചിലര്‍ നടത്തിയ നീക്കമാണ് വ്യാജപ്രചാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
220 ലക്ഷം ടണ്‍ ഉപ്പ് ഉത്പാദിപ്പിക്കുന്നുണ്ടെന്നും 60 ലക്ഷം ടണ്‍ മാത്രമാണ് സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്നും ഉപഭോക്തൃകാര്യ മന്ത്രാലയം പറഞ്ഞു. ഉത്തര്‍ പ്രദേശിലെ രാംപൂരില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ദല്‍ഹി ജാമിയ നഗറില്‍ അക്രമാസക്തരായ ജനങ്ങള്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.
















