പെരുമ്പാവൂര്‍: മാറമ്പിള്ളി പള്ളിപ്രം ഈരേത്താന്വീട്ടില് മീതിയന്പിള്ളയുടെ മകന് ഇബ്രാഹിംകുട്ടിയേയും മക്കളേയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ക്വട്ടേഷന്‍സംഘത്തെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങോല കണ്ടന്തറഭാഗത്ത് മൊല്ലവീട്ടില് മുഹമ്മദ്(65), നൗഷാദ്(45), റസ്സല്‍(22), ഫസ്സല്‍(22) എന്നിവര്‍ ചേര്‍ന്ന് നൗഷാദിന്റെ വീട്ടില്‍വച്ച് കഴിഞ്ഞ 3-ന് ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്.
കൃത്യം നടപ്പാക്കുന്നതിന് റസ്സല്‍, ഫസ്സല്‍ എന്നിവരെ ക്വട്ടേഷന്‍ കൊടുക്കുന്നതിന്ചുമതലപ്പെടുത്തി. ഇവര്‍ പരിചയക്കാരനും കാലടി, അങ്കമാലി സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ രായമംഗലം പുല്ലുവഴി വരിക്കാപിള്ളിവീട്ടില് സന്തോഷ്(35)നെ 40,000/-രൂപയ്ക്ക് ക്വട്ടേഷന്‍ ഏല്‍പ്പിക്കുകയായിരുന്നു. അപായപ്പെടുത്തുന്നതിന് മരവടി, മാസ്ക്, കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ ഏര്‍പ്പാടാക്കി കൊടുക്കുകയും ചെയ്തു.
സന്തോഷ് ഇയാളുടെ സംഘത്തില്‍പ്പെട്ട മലയാറ്റൂര്‍ സ്വദേശിയായ ലൂണ മനോജ്, മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല പറമ്പില്‍ വെള്ളാക്കുടി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അജിനാസ്(26), വെങ്ങോല പാലിയത്ത് വീട്ടില്‍ ഷക്കീര്‍(24), അത്താണി സ്വദേശി ജസ്റ്റിന് എന്നിവര്‍ക്കൊപ്പം കഴിഞ്ഞ 9-ന് കാറില്‍ ഇബ്രാഹിംകുട്ടിയേയും മക്കളേയും പിന്തുടര്ന്ന് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ ഇബ്രാഹിംകുട്ടി പെരുമ്പാവൂര്‍ ഡിവൈഎസ്പിയ്ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
ഡിവൈഎസ്പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് സിഐ ബൈജു പൗലോസ്, സബ്ബ് ഇന്‍സ്പെക്ടര്‍ പി.എ.ഫൈസല്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് നൗഷാദ്, റസ്സല്‍, ഫസ്സല്‍, സന്തോഷ്, അജിനാസ് ഷക്കീര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍നിന്നും മരവടി, മാസ്ക്, മൊബൈല്‍ഫോണ്‍, കാര്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. കൂട്ടുപ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. അന്വേഷണ സംഘത്തില്‍ സത്താര്‍, ഇക്ബാല്‍, ലാല്‍, ശ്രീകുമാര്‍ എന്നി പോലീസ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: