വ്യാഴവട്ടക്കാലം മുമ്പ് 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയംനേടി അധികാരത്തിലേറുമെന്ന് ഉറപ്പായി. അപ്പോൾ ചിലർ ഒരു ചോദ്യമുയർത്തി: നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അതിന് സാക്ഷിയാകാൻ ഇതര രാജ്യങ്ങളിൽനിന്ന് രാഷ്‌ട്രത്തലവന്മാർ വരുമോ? ക്ഷണിക്കുമോ?
കാരണം, മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ, അവിടെ ഉണ്ടായ വർഗ്ഗീയ സംഘർഷങ്ങളിലും സംഘട്ടനങ്ങളിലും ‘പ്രധാനപ്രതി’ എന്ന് കുറ്റപ്പെടുത്തി, മോദിയെ വിദേശ രാജ്യങ്ങളിലേക്ക് ക്ഷണിക്കുകയോ, സ്വയംവന്നാൽ കടത്തുകയോ ചെയ്യരുതെന്നു മാത്രമല്ല, വിസ അനുവദിക്കുകപോലും ചെയ്യരുതെന്ന്് ഭാരതത്തിലെ പ്രധാന രാഷ്‌ട്രീയ കക്ഷികളും നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ‘മരണത്തിന്റെ വ്യാപാരി,‘ ‘മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തയാൾ’ തുടങ്ങിയ കുപ്രചാരണത്തിലൂടെ പല വിദേശ രാജ്യങ്ങളിലും മോദിയെക്കുറിച്ച് അങ്ങനെയൊരു പ്രതീതി ജനിപ്പിച്ചിരുന്നു.
പക്ഷേ, 2014 മെയ് 26 ന് സംഭവിച്ചതെന്താണെന്നോ? ‘സാർക്ക്‘ രാജ്യങ്ങളുടെ തലവന്മാർതന്നെ സത്യപ്രതിജ്ഞയ്‌ക്ക് എത്തി. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക, മാൽദ്വീപ് എന്നിവിടങ്ങളിൽനിന്ന് തലവന്മാർതന്നെ (ബംഗ്ലാദേശിൽനിന്ന് സ്പീക്കർ) പങ്കെടുത്തു. അതിനെ ‘അഖണ്ഡഭാരതത്തിന്റെ സാന്നിദ്ധ്യം’ എന്നൊക്കെ അന്ന് ചില മാധ്യമങ്ങൾ വിശേഷിപ്പിച്ചു. അത് ഭാരതത്തിന്റെ വിദേശനയനിലപാടുകളുടെ പ്രഖ്യാപനമായിരുന്നു. അതിന്റെ തുടർച്ചയുടെ വിജയമാണ് ഇന്ന് ഭാരതത്തെ ലോകരാജ്യങ്ങൾ ആദരിക്കുന്നത്, അനുമോദിക്കുന്നത്, അനുകരിക്കുന്നത്, ചിലപ്പോഴെങ്കിലുമൊക്കെ ആശ്രയിക്കുന്നത്.
ഒരു രാജ്യത്തിന്റെ മഹത്വം ലോകം നിശ്ചയിക്കപ്പെടുന്നത് അതിന്റെ അയൽ രാജ്യങ്ങളുമായുള്ള ബന്ധംകൊണ്ടുകൂടിയാണ്. അയലത്തുള്ളവരെല്ലാവരും ശത്രുക്കളാണെന്നുവന്നാൽ ആ രാജ്യം അപകടസ്ഥിതിയിലായിരിക്കും, അപകടകാരിയുമായിരിക്കും. ഭാരതത്തിന് ഇന്ന് പാകിസ്ഥാനോട് പോലും ശത്രുതയില്ല, താലിബൻ അധികാരത്തിലെത്തിയ അഫ്ഗാനിസ്ഥാനുമായി നയതന്ത്ര ബന്ധങ്ങളുണ്ട്. അഫ്ഗാൻ രാജ്യപ്രതിനിധികൾ ഭാരതത്തിൽ ഔദ്യോഗിക സന്ദർശനം നടത്തിയാൽ ന്യൂദൽഹിയിൽ ഭാരത പതാകയും അഫ്ഗാൻ പതാകയും ചേർത്തുകെട്ടും. അത് ജനാധിപത്യ ലോകത്തെ ഭരണക്രമത്തിലെ ആഗോള വ്യവസ്ഥയാണ്. പാകിസ്ഥാനല്ല, പാകിസ്ഥാനിൽ കേന്ദ്രീകരിച്ച്, അവരുടെ സംരക്ഷണത്തിൽ ഭാരതവിരുദ്ധ പ്രവർത്തനം നടത്തുന്നവരാണ് ഭാരതത്തിന്റെ ശത്രുക്കൾ. അത് ഏതു രാജ്യമായാലും നമ്മുടെ ഭരണഘടന പ്രകാരമുള്ള, രാജ്യത്തിന്റെ പരമാധികാരത്തെ ഏതുമാർഗ്ഗത്തിൽ എതിർത്താലും അവർ ശത്രുക്കളാണ്, രാജ്യമായാലും വ്യക്തിയായാലും.
ലോകരാജ്യങ്ങൾ ഇന്ന് പലതും ഭാരതത്തിൽനിന്ന് പഠിക്കുന്നു, പഠിക്കാൻ പ്രേരിപ്പിക്കുന്ന ‘മഹാ അംബാസഡർ’ ആയി പ്രധാനമന്ത്രി നരേന്ദ്രമോദി തിളങ്ങുന്നു. ഒട്ടുമിക്ക രാജ്യത്തിനും മിക്ക രാജ്യങ്ങളിലും സ്ഥാനപതിമാരുണ്ട്. അവർക്ക് നിശ്ചിത ദൗത്യവുമുണ്ട്. അവരുടെ ദൗത്യങ്ങൾ ഔദ്യോഗികമാകുന്നു. ചിലർ മാത്രമേ അതിനപ്പുറം അതത് രാജ്യങ്ങളിൽ സ്വാധീനം ചെലുത്തുന്നവരാകാറുള്ളൂ.
എന്നാൽ ഒരു പ്രധാനമന്ത്രി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും നേരിട്ട് ഇത്രമാത്രം സ്വാധീന ശക്തിയായി മാറിയവരിൽ നരേന്ദ്ര മോദിയെപ്പോലെ ആരുമില്ല. ഓരോ രാജ്യത്തെ ഭാരതീയനും അവരുടെ പ്രധാനമന്ത്രിയെ അവർ വസിക്കുന്ന രാജ്യത്ത് അതത് രാജ്യത്തലവന്മാരുടെ സാന്നിദ്ധ്യത്തിൽ ആദരിക്കാനും ആഘോഷിക്കാനും കഴിഞ്ഞിട്ടുള്ളത് മോദിയെയല്ലാതെ മറ്റാരെയാണ്. അത് വ്യക്തിക്ക് കിട്ടുന്ന പരിഗണനയ്‌ക്ക് അപ്പുറം രാജ്യത്തിന്റെ നേട്ടമാക്കി മാറ്റുന്നതാണ് മോദിയുടെ ഡിപ്ലോമസി.
മോദിയുടെ സന്ദർശന വേളയിൽ അദ്ദേഹത്തെ അവിടെ സ്വീകരിക്കുന്നതു മാത്രമല്ല ഈ ലോരാജ്യങ്ങളിലുണ്ടാക്കിയ സ്വാധീനത്തിന്റെ അളവുകോൽ. ‘ഹസ്തദാന’ ഡിപ്ലോമസിയിൽനിന്ന് ‘ആലിംഗന നയതന്ത്ര’ത്തിലേക്ക് മാറ്റിയതുമാത്രമല്ല. എന്നാൽ, അവിടെയും ‘അതിഥി ദേവോഭവഃ’ എന്ന ഭാരത സങ്കൽപ്പം അവരെക്കൊണ്ടും അംഗീകരിപ്പിക്കുകയും അനുകരിപ്പിക്കുകയും ചെയ്യുന്നത് വിപ്ലവംതന്നെയാണ്. അരബ് രാജ്യങ്ങൾക്കുപോലും ഉണ്ടായ മനംമാറ്റവും നയംമാറ്റവും സാംസ്‌കാരിക-രാഷ്‌ട്രീയ മാറ്റമാകുന്നത് അങ്ങനെയാണ് വായിക്കേണ്ടത്.
ഇതിനൊക്കെ ഇടയിൽ വ്യാപാരം, ധനവിനിമയം, വികസന വളർച്ചകൾ, സഹകരണം, സമന്വയം, സഹായം എല്ലാം സംഭവിക്കുന്നുവെന്നു മാത്രമല്ല, സാഹോദര്യത്തിലൂന്നിയുള്ള മത്സരവും നടക്കുന്നുവെന്നതാണ് സമ്മതിച്ചുപോകുന്ന നയതന്ത്രം.
– ജിഡിപി റാങ്കിങ്ങിൽ 2014ൽ പത്താം റാങ്കിലായിരുന്നിടത്തുനിന്ന് അഞ്ചിലേക്ക് ചാടിക്കടന്നപ്പോൾ പിന്നിലാക്കിയത് ഒരുകാലത്ത് നമ്മെ അടിമയാക്കി ഭരിച്ചിരുന്ന ബ്രിട്ടണെയാണ്. ഫ്രാൻസിനെയാണ്, വലുപ്പത്തിന്റെ ചെറുപ്പത്തിൽ മികച്ചുനിന്ന ഇറ്റലിയെയാണ്; അതും വലുപ്പത്തിൽ ഒട്ടും ചെറുതല്ലാത്ത ഭാരതം.
– സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ഇന്റർനഷണൽ മോണിട്ടറി ഫണ്ട് എന്ന ഐഎംഎഫ് ഭാരതത്തെ ഇപ്പോൾ വിലയിരുത്തുന്നത് ‘അതിവേഗ വളർച്ചനിരക്കുള്ള രാജ്യം’ എന്നാണ്. നമ്മുടെ വളർച്ചനിരക്ക് 7 ശതമാനത്തിലേറെയാണ്.
– ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചന്ദ്രഗ്രഹത്തിന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യമെന്ന ശാസ്ത്ര-സാങ്കേതിക നേട്ടം ഭാരതത്തിനാണ്. ആദിത്യ എൽ 1 എന്ന ബഹിരാകാശ പദ്ധതിയിലൂടെ ആദ്യമായി സമഗ്രമായ സൂര്യഗ്രഹ പഠനം എന്ന ലക്ഷ്യം സാധിച്ച, ഗഗനയാനം സാധിച്ച രാജ്യം എന്ന സ്ഥാനം നേടിയ ഭാരതത്തിന്റെ നേട്ടങ്ങൾ ലോകത്ത് ഭാരതത്തിന്റെ ഇരിപ്പിടം ഏറെ ഔന്നത്യത്തിലാക്കിയിട്ടുണ്ട്.
– പ്രതിരോധ മേഖലയിൽ ഇറക്കുമതി മാത്രമായിരുന്നു നമ്മുടെ ഗതി ഒരുകാലത്ത്. ഇന്ന് ഏറ്റവും കൂടുതൽ ആധുനിക യുദ്ധ സാമഗ്രികൾ കയറ്റി അയക്കുന്ന രാജ്യങ്ങളോട് മത്സരിക്കാൻ പ്രാപ്തമായി. നമ്മുടെ ബ്രഹ്‌മോസും തേജസ്സും ആവശ്യപ്പെടുന്നത് ലോക ഒന്നാം നമ്പർ രാജ്യങ്ങളാണ്.
വിദേശനയതന്ത്ര കാര്യത്തിൽ ഭാരതം നേടിയിരിക്കുന്ന കീർത്തി വലുതാണ്.
– 2014 ലെ സത്യപ്രതിജ്ഞയ്്ക്ക് ക്ഷണിച്ച് അയലത്തെ സാർക്ക് രാജ്യങ്ങളെ ഒപ്പം നിർത്തി.
– കിഴക്കുനോക്കിനയം പുതുക്കി, അസിയാൻ രാജ്യങ്ങൾ, ജപ്പാൻ, ആസ്‌ട്രേലിയ, കൊറിയ രാജ്യങ്ങളുമായി നല്ല സൗഹാർദ്ദത്തിലായി.
– പടിഞ്ഞാറൻ ബന്ധം ശക്തിപ്പെടുത്തി; മദ്ധ്യപൂർവ രാജ്യങ്ങൾ- യുഎഇ, സൗദി, ഇസ്രയേൽ രാജ്യങ്ങളിൽ പ്രധാനമന്ത്രി സന്ദർശിച്ചു.- ഇന്ത്യൻ മഹാ സമുദ്രം കേന്ദ്രമാക്കി തീര രാജ്യങ്ങളുമായി സുരക്ഷാ-വളർച്ചാ സംവിധാനം വളർത്തി.
– കൊവിഡ് 19 കാലത്ത് നൂറിലേറെ രാജ്യങ്ങൾക്കായി 23 കോടിയിലേറെ വാക്‌സിനുകൾ നൽകി അവിടത്തെ ജനതയുടെ ജീവൻ പിടിച്ചുനിർത്തിയപ്പോൾ ഭാരതം പിടിച്ചുകയറിയത് പുതിയ പുതിയ രാജ്യബന്ധങ്ങളിലേക്കായലിരുന്നു.
ലോകനേതാക്കൾ അതത് അവസരങ്ങളിൽ നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയിലാണ്. അത് രാജ്യത്തിനു വേണ്ടി ചെയ്ത പ്രവൃത്തികളുടെ പേരിലാണ്. നിശ്ചയമായും അത് ഭാരതത്തിനുള്ള പ്രശംസയാണ്.
– 2014 ലാണ് അമേരിക്കയിൽ പ്രവാസി ഭാരത ജനാവലിയുടെ മുന്നിൽ മോദിയെ ‘മാൻ ഓഫ് ആക്ഷൻ’ എന്ന് വിശേഷിപ്പിച്ചത്.
– 2015 ൽ ലോകരാജ്യങ്ങളെക്കൊണ്ട് ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി ആഘോഷിപ്പിച്ചത് ചരിത്രമാണ്, 177 രാജ്യങ്ങൾ അത് പിന്തുടർന്നു.
– 2016 ൽ രാജ്യ സുരക്ഷയുടെ കാര്യത്തിൽ പുതിയ നയമുണ്ടാക്കി, അങ്ങനെയാണ് ‘സർജിക്കൽ സ്‌ട്രൈക്ക്’ നടത്തി അതിർത്തികടന്നുള്ള ഭീകരതയെ ചെറുത്തത്.
– എൽഒസിയിൽ (നിയന്ത്രണ രേഖയിൽ) ആദ്യമായി വ്യോമപ്രഹരം നടത്തി ബാലാക്കോട്ട് പുതിയ ചരിത്രമെഴുതി.
– അരലക്ഷം പ്രവാസി ഭാരതീയരുടെ മഹായോഗം അമേരിക്കയിലെ ഹൂസ്റ്റണിൽ നടത്തി ട്രംപിനും ലോകത്തിനും പുതിയ രാഷ്‌ട്രീയ-പൗരത്വ ബലചരിത്രം കാട്ടി.
– ദുരന്ത നിവാരണത്തിനുള്ള ആഗോള സഖ്യ സംവിധാനമുണ്ടാക്കി അതിൽ 39 രാജ്യങ്ങളെ ഉൾപ്പെടുത്തിയ മോദി യജ്ഞം അസാധാരണമായി.
– യുഎഇയും ഭാരതവുമായി 100 ബില്യൻ ഡോളർ ലക്ഷ്യമിട്ട് 10 വർഷത്തേക്ക് വ്യാപാര കരാർ ഉണ്ടാക്കി.
– ജി 20 രാജ്യങ്ങളുടെ മഹാ സമ്മേളനം അതിന്റെ ചരിത്രത്തിൽ സംഭവിച്ചിട്ടില്ലാത്തത്ര തരത്തിൽ ഭാരതത്തിൽ നടത്തി. 60 രാജ്യങ്ങൾ പങ്കെടുത്ത 200 ൽ പരം യോഗങ്ങളാണ് നടത്തിയത്. മറ്റ് ജി 20 കളിൽ നടക്കാത്ത പ്രമേയങ്ങൾ പാസാക്കൽ യാഥാർത്ഥ്യമാക്കിയത് മറ്റൊരു ചരിത്രം.
– പണമിണപാടിന്റെ യുപിഐ സംവിധാനം ഏഴ് പ്രധാനരാജ്യങ്ങളിൽ നടപ്പാക്കിം ലോകത്തെ 40 ശതമാനം തത്സമയ പണമിടപാടുകൾ ഭാരതം വഴിയായി.
പ്രതിരോധ രംഗത്ത് ആശ്രയിക്കുന്നതും സഹകരിക്കുന്നതും രണ്ടാണ്. ആശ്രയം കടപ്പാടാണ്, സഹകരണം തുല്യശക്തിയെന്ന അംഗീകാരം നേടലാണ്.
-അമേരിക്കയുമായി പ്രതിരോധ ബന്ധം ശക്തമാക്കി. ‘ക്വാഡ്’ പുനരുദ്ധരിച്ചു.
– യുഎഇ, സൗദി രാജ്യങ്ങളുമായി സൗഹാർദ്ദം മെച്ചമാക്കി. യുഎഇയിലെ ഭാരതീയരായ തൊഴിലാളികൾക്കാണ് നേട്ടമായത്. ഇസ്രയേലുമായി പ്രതിരോധ പങ്കാളിത്തമുണ്ടാക്കി.
– ജപ്പാനുമായി ആയുധാവശ്യത്തിനല്ലാത്ത അണുശക്തിക്കുള്ള കരാർ 2016ൽ. ആസ്‌ട്രേലിയയുമായി സാമ്പത്തിക കരാർ (2020).
– ഫ്രാൻസുമായി റാഫേൽ സാങ്കേതിക വിദ്യ കൈമാറൽ കരാർ, ബ്രിട്ടണുമായി യുവ പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കുന്ന പദ്ധതി.
– റഷ്യയുമായി ഇന്ധന വ്യാപാര കരാർ, രൂപ വിനിമയം. ഇതൊക്കെ പേരുമാത്രം പറഞ്ഞുപോകുന്നെങ്കിലും ലോകരാജ്യങ്ങൾക്കിടയിൽ ഭാരതം നേടിയെടുത്ത പദവിയും അവർ ഭാരതത്തിനു നൽകുന്ന സ്ഥാനവും സംബന്ധിച്ച് ഉജ്ജ്വല ചരിത്രത്തിന്റെ ഏടാണ്.
– 2025 ൽ ഭാരതം മുന്നിൽനിന്ന് ഫ്രാൻസുമായി ചേർന്ന് 120 ൽ അധികം അംഗങ്ങളെ ഉൾപ്പെടുത്തി ഉണ്ടാക്കിയ ആഗോള സൗരോർജ്ജ സഖ്യം വലിയ ഊർജ്ജവിപ്ലവമായി.
– രണ്ട് ആഗോള സൗത്ത് ഉച്ചകോടി നടത്തി, 125 രാജ്യങ്ങളെ പങ്കെടുപ്പിച്ചു.
– ആഗോളതലത്തിൽ പ്രവാസികളെ ഭാരതീയരെന്ന ആഗോള മേൽവിലാസക്കാരാക്കി.
ഒരു രാജ്യത്തിന്റെ വിശ്വാസ്യതയാണ് മറ്റൊരു രാജ്യം അവിടെ നിക്ഷേപം നടത്തുന്നത്. ഭാരതത്തിൽ അതിനുള്ള സൗകര്യങ്ങൾ ഉണ്ടായിട്ടും അവസരങ്ങൾ വേണ്ടവിധം വിനിയോഗിക്കപ്പെട്ടിരുന്നില്ല 2014 വരെ. എന്നാൽ 2021 ൽ നേരിട്ടുള്ള വിദേശ നിക്ഷേപം 2014 ലെ 36 ബില്യൻ ഡോളറിന്റേതിൽനിന്ന് 84.8 ബില്യൺ ഡോളറിന്റേതായി വർദ്ധിച്ചത് രാജ്യം നേടിയ വിശ്വാസംകൂടിയായിരുന്നു.
– കയറ്റുമതി എക്കലത്തേയും കൂടുതലായി 2022 ൽ 770 ബില്യൺ ഡോളറിന്റേതായി.
– ആപ്പിൾ, സാംസങ് തുടങ്ങിയ വൻ ഇലക്‌ട്രോണിക് സാമഗ്രികളുടെ നിർമ്മാതാക്കൾ ഭാരതത്തിലെത്തി
രാജ്യത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്‌ക്കും സർക്കാർ തയാറായില്ല. അഴിമതി രഹിത ഭരണവും സുരക്ഷിത രാജ്യവുമാണ് മുദ്രാവാക്യങ്ങളിൽ മുഖ്യം. ലോകമാകെ ഭീകര പ്രവർത്തനങ്ങളുടെ പിടിയിലമർന്നിരിക്കെ ചാവേർ ആക്രമണങ്ങൾ പല ഭീകര സംഘടനകളുടെയും നടപ്പ്‌നീതിയായിരിക്കെ ലോകത്തെയാകെ ഭീകര വിരുദ്ധ മുന്നണിൽ ചേർക്കാൻ ഭാരതത്തിനായി.

– ഉറിയിൽ 2016 ലും ബാലാക്കോട്ടിൽ 2019 ലും പ്രതിരോധ തന്ത്രത്തിൽനിന്ന് പ്രത്യാക്രമണത്തിന്റെ പ്രവൃത്തിമാർഗ്ഗത്തിലേക്ക് മാറിയ ഭാരത പ്രതിരോധ രീതി മറ്റു രാജ്യങ്ങളും മാതൃകയാക്കി.
– അതിർത്തിയിൽ 8000 കിലോ മീറ്റർ റോഡ് നിർമ്മിച്ച്, കാവൽ ഭദ്രമാക്കി.
– സമുദ്രത്തിലെ സുരക്ഷയ്‌ക്ക് ‘ക്വാഡ്’ ഇൻഡോ-പസഫിക് സ്ട്രാറ്റജി കൂടുതൽ സജ്ജവും കരുത്തുറ്റതുമാക്കി.
– പ്രതിരോധ മേഖലയിലെ ആത്മനിർഭരതയുടെ വലിയ പ്രകടനമാണ് ഐഎൻഎസ് വിക്രാന്ത് എന്ന ആദ്യത്തെ വിമാന വാഹിനിക്കപ്പൽ നമ്മൾ സ്വയം നിർമ്മിച്ച് കമ്മീഷൻ ചെയ്തത്.
നയതന്ത്രത്തിലായാലും പ്രതിരോധ തന്ത്രത്തിലായാലും ഭാരതം 2014 ൽ നിന്ന് എത്ര വളർന്നുവെന്ന് ചോദിച്ചാൽ ഒറ്റവാക്യത്തിൽ ഇങ്ങനെ പറയാം. ഒരു വ്യാഴവട്ടംകൊണ്ട് ഭാരതം സംതുലന ശക്തി എന്ന നിലയിൽനിന്ന് നേതൃത്വ ശക്തി എന്ന നിലയിലേക്ക് വളർന്നു.
ഒരു വ്യാഴവട്ടംകൊണ്ട് ദുർബലമായ അഞ്ചിലൊന്ന് എന്നതിൽനിന്ന് നാലാമത്തെ സാമ്പത്തിക ശക്തിയായി, സഹായംകൊള്ളലുകാർ എന്നതിൽനിന്ന് മരുന്നുകയറ്റുമതിക്കാരായി, പ്രാദേശിക ശക്തി എന്ന നിലയിൽനിന്ന് ആഗോള ശക്തിയായി. ഒരു വ്യാഴവട്ടം പറയുന്നത് വിജയത്തിന്റെ ഗാഥയാണ്.
(നാളെ: ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…3:
തടസ്സങ്ങൾ കടന്ന് താമരകൾ വിടരുന്ന കാലം)
ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ 1 : 12 വർഷം മുമ്പ്, മെയ് 26 ന്… ”മേം, നരേന്ദ്ര ദാമോദർ ദാസ് മോദി…”……
Read more at: https://janmabhumi.in/2026/05/25/3573458/news/thursday-after-12-years-ago-on-may-26th-me-narendra-damodar-das-modi/
















