ന്യൂദല്‍ഹി: അയല്‍സംസ്ഥാനങ്ങളുമായി സത്‌ലജ്-യമുന ലിങ്ക് കനാല്‍ ജലം പങ്കുവെക്കാനുള്ള കരാര്‍ റദ്ദാക്കിയ പഞ്ചാബിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ, ജലം വിട്ടുനല്‍കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍രംഗത്ത്.
പഞ്ചാബിലെ ജലം സംസ്ഥാനത്തിന് പുറത്ത് പോകില്ലെന്ന് പറഞ്ഞ ബാദല്‍ വെള്ളം നല്‍കാതിരിക്കാന്‍ എന്തും ചെയ്യുമെന്ന് കൂട്ടിച്ചേര്‍ത്തു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ അടിയന്തര യോഗം വിളിച്ചിരുന്നു. കാവേരി നദിയെച്ചൊല്ലി കര്‍ണാടകവും തമിഴ്‌നാടും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് സംസ്ഥാനങ്ങള്‍ തമ്മില്‍ വീണ്ടും ജലപ്രശ്‌നം ഉടലെടുത്തത്.
വിധിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് എംപി സ്ഥാനവും രാജിവെച്ചു. എന്നാല്‍ ഇത് വെറും നാടകമാണെന്ന് ബാദല്‍ കുറ്റപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിത്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഒരു തുള്ളി ജലം പോലും സംസ്ഥാനത്തിന് പുറത്തേക്ക് നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി സുഖ് വീര്‍ സിംഗ് ബാദലും പറഞ്ഞു. 2004ല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിയായിരിക്കെയാണ് കരാര്‍ റദ്ദാക്കിയത്. ഹരിയാന, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, ദല്‍ഹി എന്നീ സംസ്ഥാനങ്ങളുമായുള്ള കരാര്‍ റദ്ദാക്കാന്‍ നിയമം പാസാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി വിധി പഞ്ചാബില്‍ വന്‍ രാഷ്‌ട്രീയ വിവാദമായിട്ടുണ്ട്.
















