കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതുമൂലം രാജ്യത്തെ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്നും തട്ടിപ്പുകാര്‍ക്ക് മാത്രമാണ് ഇതുകൊണ്ട് ബുദ്ധിമുട്ടുകളുണ്ടാകുന്നതെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ കെ.ശങ്കരനാരായണന്‍ പറഞ്ഞു. എം.വി.രാഘവന്റെ രണ്ടാം ചരമ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി സി.എംപി സിപി ജോണ്‍ വിഭാഗം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടുകള്‍ റദ്ദുചെയ്തതുകൊണ്ട് ആരും ഭയപ്പെടേണ്ടതില്ലെന്നും ഇന്നു മുതല്‍ ബാങ്കില്‍ പോയാല്‍ ഇവ മാറ്റി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാറിന്റെ നടപടി രാജ്യത്തിലെ ജനങ്ങള്‍ക്കാകെ ഏറെ ഗുണം ചെയ്യുന്നതാണ്. നല്ലത് ആര് ചെയ്താലും നല്ലതെന്ന് അംഗീകരിക്കണമന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിഎംപി ജില്ലാ സെക്രട്ടറി സി.എ.അജീര്‍ അധ്യക്ഷത വഹിച്ചു.
















