തൊടുപുഴ: പട്ടാപകല്‍ നഗരത്തില്‍ വിദ്യാര്‍ത്ഥിനിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച വയോധികനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തങ്കമണി കുട്ടന്‍കവല സ്വദേശി ചന്ദ്രനാണ് പിടിയിലായത്.
സംഭവം ഇങ്ങനെ; ഇന്നലെ വൈകുന്നേരം തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപമാണ് സംഭവം. പത്ത് രൂപ ആവശ്യപ്പെട്ട് മുഷിഞ്ഞ വേഷം ധരിച്ചെത്തിയ വയോധികന് പിന്നാലെ കൂടിയതായും നല്‍കാത്തതിനെ തുടര്‍ന്ന് ദേഹത്ത് കയറിപ്പിടിക്കുകയുമായിരുന്നെന്നാണ് വിദ്യാര്‍ത്ഥിനി നാട്ടുകാരോട് പറഞ്ഞത്. കരഞ്ഞുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിനിയെ കണ്ട് നാട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സമീപത്തുണ്ടായിരുന്ന ഇയാളെ നാട്ടുകാര്‍ തന്നെ പിടികൂടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ ഇയാളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു. ഇയാള്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതായും വിവരമുണ്ട്. ദിവസങ്ങളായി വയോധികന് ഇത്തരത്തില്‍ നഗരത്തില്‍ പെണ്‍കുട്ടികളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നതായി സമീപത്തെ വ്യാപാരികളും പറയുന്നു.
പോലീസ് ഇയാള്‍ക്കെതിരെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് കേസ് എടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥിനിക്ക് പരാതി ഇല്ലാത്തതിനാല്‍ സംഭവത്തില്‍ മറ്റ് കേസുകള്‍ എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: