ന്യൂദല്‍ഹി: ഛത്തീസ്ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ ഗ്രാമീണനെ വധിച്ച കേസില്‍ ദല്‍ഹി സര്‍വ്വകലാശാല പ്രൊഫസര്‍ നന്ദിനി സുന്ദര്‍, ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല പ്രൊഫസര്‍ അര്‍ച്ചന പ്രസാദ്, സിപിഎം ഛത്തീസ്ഖണ്ഡ് സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാട്ടെ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്.
സുഖ്മ ജില്ലയില്‍ കൊല്ലപ്പെട്ട ശംനാദ് ബാഖലിന്റെ ഭാര്യ നല്കിയ പരാതിയിലാണ് കേസ്. ഇവര്‍ ശംനാദിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയില്‍ പറയുന്നു. ദല്‍ഹി ജോഷി അധികാര്‍ സന്സ്ഥാന് നേതാവ് വിനീത് തിവാരിയും മാവോയിസറ്റുകളുമാണ് മറ്റ് പ്രതികള്‍. കൊലപാതകത്തിന് പുറമെ ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കേസ്. മാവോയിസ്റ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായി നന്ദിനി സുന്ദറിനെതിരെ നേരത്തെ ആരോപണമുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ആയുധധാരികളായ മാവോയിസ്റ്റ് സംഘം ശംനാദിനെ കൊലപ്പെടുത്തിയത്. മാവോയിസ്റ്റ് അക്രമങ്ങള്‍ക്കെതിരെ ഗ്രാമീണര്‍ പ്രതിരോധ സേന രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ശംനാദിനാണ് ഇതിന്റെ നേതൃത്വം. മാവോയിസ്റ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കരുതെന്ന് ശംനാദിനെ നന്ദിനി ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തി.
ഇവര്‍ക്കെതിരെ ശംനാദും മറ്റ് പ്രദേശവാസികളും കഴിഞ്ഞ മെയ് മാസത്തില്‍ പോലീസില്‍ പരാതി നല്‍കിയതായി ഭാര്യ വ്യക്തമാക്കി. മാവോയിസ്റ്റുകളെ സഹായിക്കാന്‍ പ്രദേശവാസികളെ നിര്‍ബന്ധിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. റിച്ചാ കേശവ് എന്ന വ്യാജ പേരിലാണ് നന്ദിനി ഗ്രാമം സന്ദര്‍ശിച്ചത്. എന്നാല്‍ കേസ് ഗൂഡാലോചനയാണെന്ന് നന്ദിനി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: