1967 ഏപ്രില്‍ 17 ലെ മധ്യാഹ്നത്തിലാണ് വന്ദ്യവയോധികനായ സുഹൃത്ത്, നന്തനാരെ അങ്ങാടിപ്പുറം റെയില്‍വേസ്റ്റേഷനില്‍വെച്ചു എനിക്കു പരിചയപ്പെടുത്തിത്തന്നത്. പറ്റെ വെട്ടിയ മുടിയും ശീലാന്തി നിറത്തില്‍ നന്നെ കനത്ത താടിയും ജീവിതസ്നേഹം ഒഴുകുന്ന കരിമിഴികളും. തഞ്ചാവൂരിലെ പ്രശസ്ത ഗായകനായിരുന്ന നന്തനാരുടെ പേര്, സംഗീതം ഏറെ ഇഷ്ടപ്പെട്ടിരുന്ന കഥാകാരന്‍, തന്റെ അപരനാമമായി സ്വീകരിക്കുകയായിരുന്നു.
കതിര്‍ക്കനമുള്ള ഇരുപത്തഞ്ച് കൃതികള്‍. ‘അറിയപ്പെടാത്ത മനുഷ്യജീവികള്‍ ‘ആദ്യ നോവലാണ്. ആത്മാവിന്റെ നോവുകള്‍, അനുഭൂതികളുടെ ലോകം, മഞ്ഞക്കെട്ടിടം, ആയിരവല്ലിക്കുന്നിന്റെ താഴ്വരയില്‍, അനുഭവങ്ങള്‍ എന്നിവ മറ്റു നോവലുകള്‍. തോക്കുകള്‍ക്കിടയിലെ ജീവിതം, ആകാശം തെളിഞ്ഞു, നിഷ്‌കളങ്കതയുടെ ആത്മാവ്, ജീവിതത്തിന്റെ പൊന്‍നാളങ്ങള്‍, മിസ്റ്റര്‍ കുല്‍ക്കര്‍ണ്ണി, കൊന്നപ്പൂക്കള്‍, ഇര, ഒരു സൗഹൃദ സന്ദര്‍ശനം, സ്നേഹം നിറഞ്ഞ കൂപ്പുകൈ, ഒരു വര്‍ഷകാല രാത്രി, നെല്ലും പതിരും, തെരഞ്ഞെടുത്ത കഥകള്‍, കഥ- നന്തനാര്‍, നന്തനാര്‍ കഥകള്‍ എന്നിവയാണ് ചെറുകഥാ സമാഹാരങ്ങള്‍. ‘ഉണ്ണിക്കുട്ടന്റെ ലോകം’ ബാലസാഹിത്യ നോവല്‍. (ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍, ഉണ്ണിക്കുട്ടന്‍ വളരുന്നു എന്നീ കൃതികളുടെ സമാകാലനം), ‘ഒരു കുടുംബം പിറക്കുന്നു’ ലഘുനാടകവും ‘ഹുയന്‍ സാങ്, പ്രശ്നം അവസാനിക്കുന്നില്ല’ എന്നിവ ഏകാങ്കങ്ങളുമാകുന്നു. ആത്മാവിന്റെ നോവുകള്‍ , ഡൈ ഫോര്‍ ദ ഡോണ്‍ എന്ന ശീര്‍ഷകത്തില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഏതാനും ചെറുകഥകള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് മൊഴിമാറ്റവും.
‘മൊയ്തീന്‍’ …എന്ന ആത്മകഥ ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പാണ് എഴുതിയത് മിക്ക കഥകളും ആഴ്ചപ്പതിപ്പിലാണ് വെളിച്ചം കണ്ടത്. ജയകേരളം, മംഗളോദയം, വിശാലകേരളം എന്നീ ആനുകാലികങ്ങളിലും കഥകള്‍ പ്രകാശനം ചെയ്തു. പത്രമാസികകള്‍ തിരസ്‌കരിച്ച കുറേ കഥകള്‍ 1945-46 കാലത്ത് ചുട്ടുചാമ്പലാക്കി! എന്‍.വി. കൃഷ്ണവാരിയര്‍ എഴുതാന്‍ പ്രോത്സാഹനം നല്‍കി. ഉറൂബ്, വൈക്കം മുഹമ്മദ് ബഷീര്‍, തകഴി, കോവിലന്‍, പാറപ്പുറത്ത് എന്നിവരാണ് കഥകളുടെ വിസ്മയ പ്രപഞ്ചം നന്തനാര്‍ക്ക് മലര്‍ക്കെ തുറന്നു കൊടുത്തത്.
‘അനുഭവങ്ങള്‍’ സംവിധായകന്‍ എം.ജി. ശശി ‘അടയാളങ്ങള്‍’ എന്ന നാമധേയത്തില്‍ ചലച്ചിത്രമാക്കിയിരിക്കുന്നു, 1964 ല്‍ പ്രസ്തുത നോവല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നേടി. നന്തനാരുടെ തൂലികാചിത്രം ആദ്യമായി എഴുതിയത് വെന്നി വാസുപ്പിള്ളയാണ്.
തിളക്കമുള്ള ഒട്ടേറെ കഥാപാത്രങ്ങളേയും സംഭവങ്ങളേയും ഈ വള്ളുവനാടന്‍ പ്രതിഭാശാലി കൈമിടുക്കോടെ അവതരിപ്പിച്ചു. മുഴുപ്പട്ടിണിയും തകര്‍ന്നടിയുന്ന നാലുകെട്ടും ശോകാത്മക ഗാനങ്ങളും മഴയും ക്ഷേത്രാന്തരീക്ഷവും ആത്മകഥാംശമുള്ള രചനകളെ നിറംപിടിപ്പിക്കുന്നു. പട്ടാളക്കഥകളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല നന്തനാരുടെ കഥാലോകം. ഗൃഹാതുരത്വവും വിശപ്പും പച്ചയായ ജീവിതത്തിന്റെ നീറുന്ന സ്പന്ദനങ്ങളും വാങ്മയങ്ങളെ മികച്ച കലാസൃഷ്ടികളാക്കുന്നു. ‘ഉണ്ണിക്കുട്ടന്റെ ലോകത്തില്‍’ കുട്ടികളെ നിഷ്‌കളങ്കതയുടെ ആത്മാക്കളായി നന്തനാര്‍ അവതരിപ്പിക്കുന്നു. സാന്ദ്രമായ ശോകച്ഛവി കലര്‍ന്നവയാണ് അല്‍പം ഫലിതത്തിന്റെ മേമ്പൊടി ചേര്‍ന്ന ആ സൃഷ്ടികള്‍. കാല്പനികമായ ഭാവഗ്രസ്തതയുടെ കഥാപ്രപഞ്ചമാണ് നന്തനാര്‍ ഹൃദയസ്പര്‍ശിയായി അനാവരണം ചെയ്യുന്നത്. വിശദാംശങ്ങളുടെ വിദഗ്ധമായ വര്‍ഗ്ഗീകരണത്തിലാണ് ഊന്നല്‍. ഗ്രാമീണ പ്രകൃതിയെ എന്നും അകമഴിഞ്ഞു സ്നേഹിച്ചു.
കാക്കിക്കുപ്പായമണിഞ്ഞ പി.കെ. നായര്‍, തോമസ്, വര്‍ഗ്ഗീസ്, പണിക്കര്‍, കരുണാകരന്‍ എന്നിവരുടെ ജീവിതമത്രേ ‘അറിയപ്പെടാത്ത മനുഷ്യജീവികളില്‍’ ചിത്രീകരിച്ചിരിക്കുന്നത്. മല്‍ഹോത്ര എന്ന കമാന്റിങ് ഓഫീസറുടെ കാര്‍ക്കശ്യമാണ് ‘ആത്മാവിന്റെ നോവുകള്‍’. എണ്‍പത്തിയൊമ്പത് കഥകള്‍ നന്തനാരുടെ സംഭാവനകളായുണ്ട്. തോക്കുകള്‍ക്കിടയിലെ ജീവിതം, വെള്ളപ്പവും ഇറച്ചിയും, വെളുത്തമ്മായിയുടെ സിന്ദൂരച്ചെപ്പ്, വിലക്കപ്പെട്ട കണി, നെറ്റിയിലെ വടു, ജീവിതം അവസാനിക്കുന്നില്ല, ഞാന്‍ മരിക്കുന്നു, സ്നേഹം നിറഞ്ഞ കൂപ്പുകൈ തുടങ്ങിയവയാണ് കഥകള്‍ പ്രസിദ്ധമാണ്.
1981 ഡിസംബറില്‍ ‘തെരഞ്ഞെടുത്ത കഥകള്‍’ (സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം) അങ്ങാടിപ്പുറത്ത് തരകന്‍ ഹൈസ്‌കൂളില്‍ പ്രശസ്ത നോവലിസ്റ്റും നന്തനാരുടെ ഉറ്റമിത്രവുമായ പാറപ്പുറത്ത് പ്രകാശനം ചെയ്തു. ആ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തു. അവതാരികയില്‍ പ്രസിദ്ധ നിരൂപകന്‍ പ്രൊഫ. കെ.പി. ശങ്കരന്‍ ‘പച്ചത്തഴപ്പുകളുടെ നടുവില്‍’ എന്നാണ് നന്തനാരുടെ കഥാലോകത്തെ വിശേഷിപ്പിച്ചത്. ‘അറിയപ്പെടാത്ത മനുഷ്യജീവികള്‍’ എന്ന നോവലൈറ്റിന്റെ അവതാരിക എഴുതിയത് എന്‍.വി. കൃഷ്ണവാരിയര്‍.
1926 ജനുവരി 5 ന് അങ്ങാടിപ്പുറത്താണ് (മലപ്പുറം ജില്ല) നന്തനാരുടെ ജനനം. അച്ഛന്‍ പൂരപ്പറമ്പില്‍ ചെങ്ങര വീട്ടില്‍ പരമേശ്വരത്തരകന്‍. നാണിക്കുട്ടിയമ്മയാണ് അമ്മ. തരകന്‍ ഹയര്‍ എലിമെന്ററി സ്‌കൂളില്‍ ഏഴാം ക്ലാസുവരെ പഠനം. 1942-1964 കാലത്ത് പട്ടാളത്തില്‍ പ്രവര്‍ത്തിച്ചു. 1965 മുതല്‍ എന്‍സിസിയില്‍ (മൈസൂര്‍) ഇന്‍സ്ട്രക്ടര്‍. 1967 തൊട്ട് ഫാക്ടില്‍ പബ്ലിസിറ്റി വിഭാഗത്തില്‍ ജോലി ചെയ്തു. 1974 ഏപ്രില്‍ 21 ന് പാലക്കാട് വച്ച് ജീവിതം സ്വയം ഊതിക്കെടുത്തി.
പത്നി പരേതയായ രാധ (പാണ്ടത്ത്). സുധാകരന്‍, ഹരിഗോവിന്ദന്‍, തുളസി എന്നിവര്‍ മക്കളാണ്.
അനുബന്ധം:
പാറപ്പുറത്ത്, കോവിലന്‍, നന്തനാര്‍ എന്നിവരെ പട്ടാള കഥാകാരന്മാര്‍ എന്നാണ് നിരൂപകന്മാര്‍ വിലയിരുത്തുന്നത്. ഒപ്പം വിനയനും ഏകലവ്യനും സി.എന്‍.പി. നമ്പൂതിരിയും.
എന്നാല്‍ ഈ കഥാപ്രതിഭകള്‍ പട്ടാള ജീവിതത്തിനുമപ്പുറത്തേക്ക് അവരുടെ സര്‍ഗ്ഗാത്മകതയുടെ ലാവണ്യം പ്രസരിപ്പിച്ചവരാകുന്നു.
















