വാഷിംഗ്ടൺ : സെപ്റ്റംബറിൽ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയ്‌ക്കായി ന്യൂയോർക്ക് സന്ദർശിക്കുമ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന്ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി . നിയമ ഉപദേഷ്ടാക്കളുമായി ഇക്കാര്യം കൂടിയാലോചിക്കുകയാണെന്ന് മംദാനി പറഞ്ഞു.
മേയർ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി പറഞ്ഞിരുന്നു. എന്നാൽ, ഒരു വിദേശ നേതാവിനെ അറസ്റ്റ് ചെയ്യാൻ മേയർക്ക് അധികാരമുണ്ടോ എന്ന് തനിക്ക് ഉറപ്പില്ലെന്നാണിപ്പോൾ മംദാനി പറയുന്നത്. “ന്യൂയോർക്ക് നഗരത്തിൽ നിയമം അനുവദിക്കുന്നതെന്തും ഞങ്ങൾ ചെയ്യും. അതുകൊണ്ടാണ് ഞങ്ങൾ നഗരത്തിലെ നിയമ ഉപദേഷ്ടാക്കളുമായി കൂടിയാലോചിക്കുന്നത്,” മംദാനി പറഞ്ഞു.
ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നെതന്യാഹു ഐസിസിയിൽ നടപടികൾ നേരിടണമെന്നും മംദാനി പറയുന്നു . 2024 ൽ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു .
അതേസമയം ന്യൂയോർക്ക് നഗരത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം ഇസ്രായേലിനെതിരായ വിമർശനങ്ങളിൽ മേയർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ ആരോപിച്ചു.
മംദാനിയുടെ അഭിപ്രായങ്ങൾ വകവയ്‌ക്കാതെ നെതന്യാഹു ന്യൂയോർക്കിലേക്ക് പോയി യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുമെന്നും ഡാനോൺ പറഞ്ഞു.
“ഇതൊന്നും മാറ്റില്ല. ഇസ്രായേൽ പ്രധാനമന്ത്രി @netanyahu ന്യൂയോർക്കിലേക്ക് വരും, ഐക്യരാഷ്‌ട്രസഭ ജനറൽ അസംബ്ലിയെ അഭിമാനത്തോടെ അഭിസംബോധന ചെയ്യും, ഇസ്രായേലിന്റെ സത്യവും പൗരന്മാരെ സംരക്ഷിക്കാനുള്ള അവകാശവും ലോകത്തിന് മുന്നിൽ പ്രഖ്യാപിക്കും,” അദ്ദേഹം എഴുതി.
















