ജയ്‌പൂര്‍: ചിങ്കാരമാനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു.
കേസില്‍ ഹൈക്കോടതി താരത്തെ വെറുതെ വിട്ടതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ദീപാവലി അവധിക്ക് ശേഷമായിരിക്കും സുപ്രീകോടതി കേസ് പരിഗണിക്കുകയെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ശിവ്മംഗല്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ജൂലൈയിലാണ് കേസില്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ കോടതിവിധി വന്നത്. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാലാണ് വെറുതെ വിടുന്നതെന്നും ഖാനെതിരെ ഹാജരാക്കിയ തെളിവുകള്‍ ദുര്‍ബലമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
രണ്ട് വിചാരണ കോടതികള്‍ നേരത്തേ നടന് അഞ്ചു വര്‍ഷത്തേയും ഒരു വര്‍ഷത്തേയും തടവ് ശിക്ഷകള്‍ വിധിച്ചിരുന്നു. തുടര്‍ന്ന് 13 ദിവസം സല്‍മാന്‍ ഖാന്‍ ജയിലില്‍ കഴിയുകയും ചെയ്തു. 2002ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.















