പൂന: മഹാരാഷ്‌ട്രയിൽ ബിജെപി നേതാവിനെ വെടിവച്ച് വീഴ്‌ത്തിയതിനു ശേഷം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്‌ട്രയിലെ തലേഗാവ് മുൻസിപ്പൽ കൗൺസിൽ മുൻ മേയറായ സച്ചിൻ ഷെൽക്കയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കാറിൽ യാത്ര ചെയ്തിരുന്ന ഷെൽക്കയെ അക്രമികൾ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം നിറയൊഴിച്ചു. തുടർന്ന് കൈകളിൽ കരുതിയിരുന്ന വാളുകൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ശേഷം അക്രമികൾ ഓടി രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് പ്രദേശത്തുള്ളവർ ഷെൽക്കയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
മുൻവൈരാഗ്യമാണ് കൊലയ്‌ക്കു കാരണമെന്നു സംശയിക്കുന്നതായി തലേഗാവ് എസ്പി ജയ് ജാദവ് പറഞ്ഞു. കുപ്രസിദ്ധ കുറ്റവാളിയായ ശ്യാം ഷിൻഡെയുടെ സംഘത്തിൽപ്പെട്ട 10 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവസ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങളെ അടിസ്‌ഥാനമാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്.
















