ന്യൂദല്‍ഹി: ഉറിയില്‍ ആക്രമണം നടത്തിയ പാക്ക് ഭീകരര്‍ നിയന്ത്രണരേഖ കടന്നത് ഏണി ഉപയോഗിച്ച്. സലമബാദ് നള്ളയിലെ നിയന്ത്രണരേഖ കടന്നാണ് നാല് ഭീകരരും എത്തിയതെന്നും സൈന്യത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തി.
വൈദ്യുതീകരിച്ച വേലികള്‍ക്കിടയിലെ വിടവ് മുതലെടുത്ത് ആദ്യം ഒരു ഭീകരന്‍ നുഴഞ്ഞുകയറി. ഇയാള്‍ ഇന്ത്യന്‍ ഭാഗത്ത് ഏണി സ്ഥാപിച്ചു. പാക്ക് അധിനിവേശ കശ്മീരില്‍ സ്ഥാപിച്ച ഏണിയുമായി ഇത് യോജിപ്പിച്ചാണ് മറ്റ് മൂന്ന് ഭീകരര്‍ അതിര്‍ത്തി കടന്നത്. തോക്കും സ്‌ഫോടക വസ്തുക്കളുമുള്ളതിനാലാണ് ഇവര്‍ക്ക് നുഴഞ്ഞുകയറാന്‍ സാധിക്കാതിരുന്നത്.
നാല് ഭീകരരും അതിര്‍ത്തി കടന്നതോടെ ഇവരെ സഹായിച്ചിരുന്ന മുഹമ്മദ് കബീര്‍ അവാന്‍, ബഷാരത് എന്നീ ഗൈഡുകള്‍ക്ക് ഇവര്‍ ഏണി കൈമാറി. ഏറെ സമയമെടുത്താണ് ഭീകരര്‍ അതിര്‍ത്തി കടന്നത്. ഈ വര്‍ഷമാദ്യവും ഏണി ഉപയോഗിച്ച് കശ്മീരില്‍ ഭീകരര്‍ നിയന്ത്രണരേഖ കടന്നിരുന്നു. ആക്രമണത്തിന് ഒരു ദിവസം മുന്‍പ് ഭീകരര്‍ നിയന്ത്രണ രേഖ കടന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
















