തളിപ്പറമ്പ്: ഡോക്ടര്‍മാരുടെ വ്യാജ കുറുപ്പടികളുപയോഗിച്ച് മരുന്ന് ഷോപ്പുകളില്‍ നിന്നും ലഹരി മരുന്നുകള്‍ വാങ്ങി വന്‍വിലക്ക് വില്‍പന നടത്തുന്ന സംഘത്തിലെ മൂന്നുപേരെ കോടതി റിമാന്റ് ചെയ്തു. വന്‍ മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണികളെന്നു സംശയിക്കുന്ന ഇവരെ തളിപ്പറമ്പിലെ ഒരു സഹകരണ ആശുപത്രിയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. പിടിയിലായ കാക്കത്തോട്ടിലെ ചള്ളിയോടന്‍ കിടങ്ങോത്ത് ഹാഷിം (20), പുളിപ്പറമ്പ് സ്വദേശികളായ തിരുവാത്ത് അംഗിത് (20) ചിറയില്‍ നസറുദ്ദീന്‍ (20) എന്നിവരാണ് റിമാന്റിലായത്. തളിപ്പറമ്പിലെ സഹകരണ ആശുപത്രി ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് ഡയസിഫാം എന്ന ഗുളിക വാങ്ങി മയക്കുമരുന്ന് സംഘത്തിന് വില്‍പന നടത്തുകയായിരുന്നു ഇവര്‍. ഒരു രൂപ അമ്പത് പൈസ വിലയുള്ള ഈ ഗുളിക വാങ്ങി പത്തും പതിനഞ്ചും കഷണങ്ങളാക്കി ഒരു കഷണത്തിന് നൂറുരൂപ വിലക്കാണ് സംഘം വില്‍പന നടത്തിയിരുന്നത്. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമായി നൂറിലധികം ആള്‍ക്കാര്‍ ഇവരില്‍ നിന്നും ഈ മരുന്ന് വാങ്ങാറുണ്ടെന്നാണ് ഇവരില്‍ നിന്ന് കിട്ടിയ സൂചന. ആശുപത്രികളില്‍നിന്നും ഒപി ചീട്ടുകള്‍ വാങ്ങി ഇതില്‍ സംഘം തന്നെ മരുന്നിന്റെ പേരെഴുതി വിവിധ മരുന്ന് കടകളില്‍ നിന്നും മരുന്നുകള്‍ ശേഖരിക്കുകയായിരുന്നു പതിവ്.
പിടിയിലായ ഹാഷിമാണ് സംഘത്തലവന്‍. ഇത്തരം ഗുളികകള്‍ സിഗരറ്റിനൊപ്പമാണ് ഉപയോഗിച്ചുവരുന്നത്. ഇതുപയോഗിച്ചാല്‍ കഞ്ചാവിന് സമാനമായ ലഹരി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. പുളിപ്പറമ്പ് കേന്ദ്രീകരിച്ചാണ് ഈ സംഘം പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍ കേന്ദീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിനും ഇവരുമായി ബന്ധമുള്ളതായി സൂചനയുണ്ട്. പോലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
















