കണ്ണൂര്‍: പിണറായിയില്‍ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ രമിത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുളള വിലാപയാത്രയിലും ചാവശ്ശേരിയിലെ സംസ്‌കാരച്ചടങ്ങിലും പങ്കെടുത്തത് ആയിരങ്ങള്‍. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രമിത്തിന്റെ ഭൗതിക ദേഹം ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് സംഘ-വിവിധക്ഷേത്ര സംഘടനകളുടെ സംസ്ഥാനതല നേതാക്കള്‍ ഏറ്റുവാങ്ങി. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് എന്നിവര്‍ പട്ടുപുതപ്പിച്ചു. ബിജെപി നേതാക്കളായ വി.മുരളീധരന്‍, എം.ടി.രമേശ്, കെ.സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍, കെ.പി.ശ്രീശന്‍, എം.ഗണേശന്‍, അഡ്വ.കെ.പി. പ്രകാശ്ബാബു, പി.രഘുനാഥ്, പി.സി.മോഹനന്‍, പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്. ആര്‍എസ്എസ് ക്ഷേത്രീയശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ.കെ.മോഹനന്‍, സഹപ്രാന്തപ്രചാരക് എസ്.സുദര്‍ശന്‍, സഹസമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ്ബാബു, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, വി.ശശിധരന്‍ തുടങ്ങി സംഘ വിവിധക്ഷേത്ര സംഘടനകളുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. നൂറുകണക്കിന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ അതിരാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് എത്തിയിരുന്നു.
കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ വാഹനങ്ങളിലും മറ്റുമായി പങ്കെടുത്തു. മാഹിയിലെ പൊതുദര്‍ശനത്തിന് ശേഷം തലശ്ശേരിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് പി.ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
തുടര്‍ന്ന് രമിത്തിന്റെ സ്വദേശമായ പിണറായിയിലേക്കാണ് വിലാപയാത്ര നീങ്ങിയത്. പിണറായിയിലെ വീട്ടില്‍ അമ്മ, സഹോദരി, ബന്ധുക്കള്‍ തുടങ്ങിയവര്‍ തങ്ങളുടെ പൊന്നോമനയെ അവസാനമായി ഒരുനോക്കു കണ്ട രംഗം കൂടിനിന്നവരെ പോലും കണ്ണീരണിയിച്ചു. തുടര്‍ന്ന് മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൂത്തുപറമ്പ്, തൊക്കിലങ്ങാടി, കരേറ്റ വഴി രമിത്തിന്റെ പിതാവ് ധീരബലിദാനി ഉത്തമന്റെ ജന്മനാടായ ചാവശ്ശേരിയിലേക്ക് നീങ്ങി. വഴിനീളെ ആയിരങ്ങളാണ് മൃതദേഹം ഒരുനോക്കുകാണാന്‍ എത്തിച്ചേര്‍ന്നത്. ചാവശ്ശേരിയില്‍ നേതാക്കളും പ്രവര്‍ത്തകരും അന്ത്യപ്രണാമര്‍പ്പിച്ചു. പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന തറവാട്ട് ശ്മശാനത്തിലായിരുന്നു സംസ്‌കാരച്ചടങ്ങ്. രമിത്തിന്റെ ചിതക്ക് പിതാവിന്റെ മരുമകന്‍ റിനേഷ്, അമ്മയുടെ ജ്യേഷ്ഠപുത്രന്‍ ജിത്തു എന്നിവരാണ് തീകൊളുത്തിയത്. സംസ്‌കാരച്ചടങ്ങില്‍ നേതാക്കളും പ്രവര്‍ത്തകരും നാട്ടുകാരുമായി നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.
















