തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീപദ്മനാഭന്റെ മൂലവിഗ്രഹത്തിന്മേല്‍ കേടുപാടുകള്‍ വര്‍ദ്ധിക്കുന്നു. ഒരു കൊല്ലത്തിനുള്ളില്‍ പലതവണ കല്‍ക്കലേപനം നടന്നെങ്കിലും വിഗ്രഹത്തിന്റെ അവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്നു. വിഗ്രഹത്തിന്റെ മാറില്‍ നിന്നും ഉദരഭാഗത്തു നിന്നും കല്‍ക്കം അടര്‍ന്നു പോകുന്നതിനാല്‍ വിഗ്രഹത്തില്‍ അവിടവിടെ വെള്ളപ്പാടുകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ നവീകരിച്ച ശ്രീഭഗവതിയുടെ കടുശര്‍ക്കര വിഗ്രഹത്തില്‍ നിന്ന് കല്‍ക്കം അടര്‍ന്നു വീഴുന്നു.
എന്തുകൊണ്ടു കല്‍ക്കം അടര്‍ന്നു വീഴുന്നു എന്നതു വിശദീകരിക്കാന്‍ എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍. സതീഷിനോ കല്‍ക്കലേപനം ചെയ്തവര്‍ക്കോ കഴിയുന്നില്ല. അതിനാല്‍ ഇപ്പോള്‍ ലേപനം ചെയ്തവരെ മാറ്റി ഈ രംഗത്തെ വിദഗ്ധരെ കൊണ്ടുവന്നു പണിചെയ്യിക്കണമെന്ന ഭക്തരുടെ ആവശ്യം ദിനംപ്രതി ശക്തിപ്രാപിക്കുന്നു.
ശ്രീപദ്മനാഭസ്വാമിയുടെ നിര്‍മാല്യധാരിയായ വിഷ്വക്‌സേനന്റെ വിഗ്രഹത്തിലും സാരമായ കേടുപാടുകള്‍ ഉണ്ട്. നരസിംഹമൂര്‍ത്തിയുടെ ശ്രീകോവിലിന്റെ മേല്‍പ്പുര വലിയതോതില്‍ ജീര്‍ണിച്ച് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. തിരുവാമ്പാടിയിലെ കൊടിമരത്തിലും കേടുപാടുകളുണ്ട്.
മേല്‍പ്പറഞ്ഞ പണികള്‍ എത്രയും വേഗം തുടങ്ങാന്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളായ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിയുടെയും അവിട്ടം തിരുനാള്‍ ആദിത്യവര്‍മയുടെയും സാന്നിദ്ധ്യത്തില്‍ ക്ഷേത്രാധികാരികള്‍ തീരുമാനിച്ചതാണ്. പണി ഉടന്‍ ആരംഭിക്കണമെന്ന അഭിപ്രായം ഭരണസമിതി മുന്‍ ചെയര്‍പേഴ്സണ്‍ വി. ഷെര്‍സിക്കുണ്ടായിരുന്നെങ്കിലും എക്‌സിക്യൂട്ടീവ് ഓഫീസര്‍ സതീഷിന്റെ നിസഹകരണം മൂലം സാദ്ധ്യമായില്ല.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം പദ്മതീര്‍ത്ഥ കുളത്തിന്റെ ശുചീകരണം ആരംഭിച്ച് വര്‍ഷം രണ്ടായെങ്കിലും പണി എങ്ങും എത്തിയിട്ടില്ല. പദ്മതീര്‍ത്ഥക്കരയിലെ പുരാതനമായ കല്‍മണ്ഡപം പൊളിക്കുകയും വലിയരീതിയില്‍ പ്രതിഷേധമുണ്ടായപ്പോള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തതാണ് ആകെ നടന്നത്. പദ്മനാഭപുരത്തു നിന്ന് എഴുന്നള്ളുന്ന സരസ്വതീ വിഗ്രഹത്തിന്റെ ആറാട്ടു രണ്ടുവര്‍ഷമായി പദ്മതീര്‍ത്ഥത്തില്‍ നടക്കുന്നില്ല. കുളം അശുദ്ധമായി കിടക്കുന്നതിനാല്‍ അതില്‍ ആറാട്ടു നടത്താന്‍ പാടില്ലെന്നു തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടു നിശ്ചയിച്ചതാണു കാരണം.
















