റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മിന്നുന്ന ജയം. ഇക്വഡോര്‍, ഉറുഗ്വെ,കൊളംബിയ ടീമുകളും വിജയം കണ്ടപ്പോള്‍ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി തോറ്റു. കരുത്തരായ അര്‍ജന്റീന സമനില വഴങ്ങി.
ഇന്നലെ നടന്ന കളിയില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബ്രസീല്‍ ബൊളീവിയയെ തകര്‍ത്തു.സ്വന്തം മൈതാനത്ത് നടന്ന കളിയുടെ സമസ്ത മേഖലകളിലും ഏറെ മുന്നിട്ടുനിന്ന ബ്രസീല്‍ 11-ാം മിനിറ്റില്‍ സൂപ്പര്‍താരം നെയ്‌മറിലൂടെ ബ്രസീല്‍ മുന്നിലെത്തി. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മൂന്നുതവണ കൂടി അവര്‍ ബൊളീവിയന്‍ വല കുലുക്കി. ആദ്യഗോളിന്റെ ആവേശത്തില്‍ എതിര്‍ ബോക്‌സിലേക്ക് ഇരച്ചുകയറിയ കാനറികള്‍ 26-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ഫിലിപ്പെ കുടീഞ്ഞോയാണ് ഗോള്‍ നേടിയത്. ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയതോടെ ബൊളീവിയ ഉണര്‍ന്നു.
മികച്ച ചില നീക്കങ്ങള്‍ ബൊളീവിയന്‍ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാല്‍ ഗോള്‍ കണ്ടെത്തുന്നതില്‍ ബൊളീവിയ പരാജയപ്പെട്ടു. 39-ാം മിനിറ്റില്‍ ബ്രസീല്‍ മൂന്നാം ഗോളും നേടി. ലൂയിസ് ഫിലിപ്പെയാണ് ലക്ഷ്യം കണ്ടത്. അഞ്ച് മിനിറ്റിനുശേഷം ഗബ്രിയേല്‍ ജീസസും ഗോള്‍ നേടിയതോടെ ആദ്യ പകുതിയില്‍ 4-0ന്റെ അപരാജിത ലീഡ് സ്വന്തം. എന്നാല്‍ രണ്ടാം പകുതിയില്‍ ബ്രസീലിനെ ഗോള്‍ മഴ തീര്‍ക്കുന്നതില്‍ നിന്നും ബൊളീവിയക്ക് തടയാന്‍ ഒരു പരിധിവരെ സാധിച്ചു. പിന്നീട് ഒരു ഗോളിനായി 75-ാം മിനിറ്റ്‌വരെ അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു.
റോബര്‍ട്ടോ ഫിര്‍മീഞ്ഞോയാണ് ഗോള്‍ നേടിയത്. വിജയത്തോടെ 9 കളികളില്‍ നിന്ന് 18 പോയിന്റുമായി ബ്രസീലില്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
അതേസമയം കരുത്തരായ ചിലിക്ക് തികച്ചും അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ ഇക്വഡോറിനോട് തകര്‍ന്നത്. ഇക്വഡോറിനായി 19-ാം മിനിറ്റില്‍ അന്റോണിയോ വലന്‍സിയ, 23-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ റാമിരസ്, 46-ാം മിനിറ്റില്‍ ഫിലിപ്പെ കെയ്‌സെഡോ എന്നിവര്‍ ഗോള്‍ നേടി. വിജയത്തോടെ 16 പോയിന്റുമായി ഇക്വഡോര്‍ മൂന്നാമത്.
മറ്റൊരു കളിയില്‍ ഉറുഗ്വെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെനസ്വേലയെ തകര്‍ത്തു. സൂപ്പര്‍ താരം എഡിസണ്‍ കവാനിയുടെ ഇരട്ടഗോളാണ് മികച്ച ജയം നേടിക്കൊടുത്തത്. നിക്കോളാസ് ലോഡെയ്‌റോ ഒരു ഗോളും നേടി. 19 പോയിന്റുമായി ഉറുഗ്വെ ഒന്നാമത്.
മറ്റൊരു എവേ മത്സരത്തില്‍ കൊളംബിയ 1-0ന് പരാഗ്വെയെ കീഴടക്കി. 90-ാം മിനിറ്റില്‍ എഡ്വിന്‍ കാര്‍ഡോണയാണ് ഗോള്‍ നേടിയത്. 16 പോയിന്റുമായി കൊളംബിയ നാലാമത്.
അതേസമയം സൂപ്പര്‍താരം മെസ്സിയുടെ അഭാവത്തിലും കരുത്തരായ അര്‍ജന്റീന പെറുവിനോടാണ് സമനിലയില്‍ പിരിഞ്ഞത്. ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി. 84-ാം മിനിറ്റില്‍ ക്രിസ്റ്റിയന്‍ കുയേവ പെനാല്‍റ്റിയിലൂടെ നേടിയ ഗോളാണ് പെറുവിന് സമനില നേടിക്കൊടുത്തത്. അര്‍ജന്റീനക്ക് വേണ്ടി 15-ാം മിനിറ്റില്‍ ഫ്യൂനസ് മോറിയും 77-ാം മിനിറ്റില്‍ ഗൊണ്‍സാലോ ഹിഗ്വയിനും ഗോള്‍ നേടി. പെറുവിന്റെ ആദ്യ ഗോള്‍ നേടിയത് പൗലോ ഗ്വരേരോ. 16 പോയിന്റുള്ള അര്‍ജന്റീന അഞ്ചാമത്.
















