കണ്ണൂര്‍: മയ്യില്‍ ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഇടൂഴി ഇല്ലത്ത് സംഘടിപ്പിക്കുന്ന ഇടുഴീ നവരാത്രി സാംസ്‌കാരികോത്സവത്തില്‍ ഇന്ന് ഡോ.കുഴല്‍മന്ദം ജി.രാമകൃഷ്ണന്‍ സദ്മൃദംഗം അവതരിപ്പിക്കും. വൈകുന്നേരം 7മണിക്കാണ് പരിപാടി നടക്കുക. അഞ്ച് കിലോമാത്രം ഭാരമുള്ള കൊച്ചുമൃദംഗമായ സദ്മൃദംഗം രൂപകല്പന ചെയ്തത് കുഴല്‍മന്ദം തന്നെയാണെന്നും സദ്മൃദംഗത്തിന്റെ മലബാറിലെ ആദ്യ അവതരണം കൂടിയാണ് ഇന്ന് നടക്കുകയെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൃദംഗവാദനത്തിനായി വിദേശങ്ങളിലടക്കം യാത്ര ചെയ്യേണ്ടിവരുമ്പോള്‍ മൃദംഗത്തിന്റെ ഭാരം കാരണം പല ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. ഇത് പരിഹരിക്കാനാണ് കൃഷ്ണദാസ് എന്ന സുഹൃത്തിന്റെ സഹായത്തോടെ സദ്മൃദംഗം നിര്‍മ്മിച്ചത്. മൊത്തം 21 ഇഞ്ചാണ് ഈ ഉപകരണത്തിന്റെ ആകെ നീളം. മൃദംഗത്തിന്റെ നീളം ശ്രുതിക്കനുസരിച്ച് കൂട്ടാനും കുറയ്‌ക്കാനും സാധിക്കുമെന്നതും പ്രത്യേകതയാണ്. ഒക്‌ടോബര്‍ 28ന് ദേശീയ ആയുര്‍വേ ദിനമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വേളയില്‍ ആയുര്‍വേദ ചികിത്സയോടൊപ്പം സംഗീതത്തെയും ചികിത്സയുടെ ഭാഗമാക്കുന്നതിനുള്ള നാന്ദികുറിക്കല്‍ കൂടിയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഒക്‌ടോബര്‍ രണ്ടിന് ആരംഭിച്ച നവരാത്രി സാംസ്‌കാരികോത്സവ പരിപാടി ഇന്ന് നടക്കുന്ന സദ്മൃദംഗ അവതരണത്തോടെ സമാപിക്കും. 11ന് വിദ്യാരംഭം കുറിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഐ.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഡോ.കുഴല്‍മന്ദം ജി. രാമകൃഷ്ണന്‍, ഡോ.ഐ.ഉമേഷ് നമ്പൂതിരി, ഡോ.കെ.രാജഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
















