കണ്ണൂര്‍: മുഖ്യമന്ത്രിയുടെ കടാശ്വാസപദ്ധതിയില്‍ സഹകരണബാങ്കുകളെയും ഉള്‍പ്പെടുത്തി പട്ടികജാതി-വര്‍ഗ്ഗക്കാരുടെ വായ്‌പകള്‍ എഴുതിത്തള്ളുക, കേന്ദ്രസംസ്ഥാന സര്‍വീസുകളില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അംബേദ്കര്‍ ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നു. കേരളത്തിലുടനീളം നടത്തിവരുന്ന സമരത്തിന്റെ ഭാഗമായി നവംബര്‍ ഏഴിന് കലക്‌ട്രേറ്റ് പടിക്കലില്‍ നിന്നും റെയില്‍വെ സ്റ്റേഷനിലേക്കാണ് മാര്‍ച്ച് നടത്തുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വയം തൊഴില്‍ കണ്ടെത്താന്‍ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് ജാമ്യവ്യവസ്ഥയില്ലാതെ പലിശരഹിത വായ്‌പകള്‍ നല്‍കുന്നതിന് വേണ്ടിയുള്ള നടപടികള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം. വിവിധ സ്ഥാപനങ്ങള്‍ സ്വയം തൊഴിലിന് വേണ്ടി അപേക്ഷ ക്ഷണിക്കുമ്പോള്‍ ജാമ്യവ്യവസ്ഥകള്‍ നല്‍കുവാന്‍ കഴിയാത്തതിന്റെ പേരില്‍ വായ്‌പ നിഷേധിക്കുകയും സ്വയം തൊഴില്‍ കണ്ടെത്താന്‍ പറ്റാത്ത അവസ്ഥയുമാണ് നാളിതുവരെ കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ അനുഭവിച്ചുവരുന്നത്. വര്‍ഷാവസാനം ഇത്തരം ഫണ്ടുകള്‍ ലാപ്‌സ് ആയി പോകുന്ന പതിവാണ് കേരളത്തില്‍ കണ്ടുവരുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രാമദാസ് വേങ്ങേരി, വി.എം.ചന്ദ്രിക, അനീഷ് സ്വാമിമുക്ക്, സത്യന്‍ തിരുമേനി, കരുണാകരന്‍ മച്ചിയില്‍, കുമാര്‍ കാങ്കോല്‍ എന്നിവര്‍ പങ്കെടുത്തു.
















