ചാരുംമൂട്: മാവേലിക്കര നിയോജകമണ്ഡലം ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത മണ്ഡലമായി 23ന് രാവിലെ 10ന് ചാരുംമൂട് മജസ്റ്റിക് ആഡിറ്റോറിയത്തില്‍ മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിക്കുമെന്ന് ആര്‍.രാജേഷ് എംഎല്‍എ അറിയിച്ചു.
ജില്ലാ കളക്ടര്‍ വീണാ മാധവന്‍ മുഖ്യ അതിഥിയാകും. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ താമരക്കുളം, വള്ളികുന്നം, പാലമേല്‍, നൂറനാട്, ചുനക്കര ഗ്രാമപഞ്ചായത്തുകളും, മാവേലിക്കര ബ്ലോക്കിലെ തഴക്കര, തെക്കേക്കര ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മാവേലിക്കര മണ്ഡലം. തഴക്കര ഗ്രാമപഞ്ചായത്ത് 22ന് പ്രഖ്യാപനം നടത്തുന്നതോടെ മുഴുവന്‍ പഞ്ചായത്തുകളുടെയും ഒഡിഎഫ് പ്രഖ്യാപനം പൂര്‍ത്തിയാകും.
താമരക്കുളം 150, വള്ളികുന്നം 203, പാലമേല്‍ 243, ന്തറനാട് 324, ചുനക്കര 234, തെക്കേക്കര 233, തഴക്കര 253 എന്നീ ക്രമത്തില്‍ 1640 ശുചി മുറികളാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.
പഞ്ചായത്തുകളെയും, പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരെയും ചടങ്ങില്‍ അനുമോദിക്കും. കക്ഷിരാഷ്‌ട്രീയത്തിനതീതമായി ജനപ്രതിനിധികളുടെയും, രാഷ്‌ട്രീയ സാമൂഹ്യ സംഘടനകളുടെയും, ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമാണ് മണ്ഡലം കൈവരിച്ച നേട്ടമെന്ന് എംഎല്‍എ പറഞ്ഞു.
















