പാട്‌ന: ബീഹാറിലെ മധുബാനി ജില്ലയില്‍ കുളത്തിലേയ്‌ക്ക് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. തിങ്കളാഴ്‌ച്ച രാവിലെയാണ് അപകടമുണ്ടായത്.
65 യാത്രക്കാരുമായി മധുബാനിയില്‍ നിന്ന് സീതാമര്‍ഹിയിലേയ്‌ക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
ബേനിപ്പട്ടി-പുപ്രി റോഡിലെ ബസൈത് ചൗക്കിലെത്തിയപ്പോള്‍ ബസ് നിയന്ത്രണംവിട്ട് കുളത്തിലേക്കു മറിഞ്ഞു. ബസിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടമുണ്ടായി ഒരു മണിക്കൂറിനുശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തിയത്. ഇതേതുടര്‍ന്ന് നാട്ടുകാര്‍ ഇവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ആഴത്തിലേക്കു താഴ്ന്നുപോയതിനാല്‍ ബസ് മറിഞ്ഞ് മൂന്നു മണിക്കൂറിനുശേഷവും ആരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.
രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് മധുബാനി ഡിഎസ്പി നിര്‍മല കുമാരി അറിയിച്ചു.
















