തലശ്ശേരി: ബിഎംഎസ് തലശ്ശേരി മേഖലാ ജോയിന്റ് സെക്രട്ടറി സി.കെ. ലതേഷ്ബാബുവിന്റെ കോടിയേരി തൃക്കൈക്കല്‍ ശിവക്ഷേത്തിന് സമീപം ശിവകൃപ എന്ന വീടിന് നേരെ സിപിഎം ബോംബാക്രമണം. ലതേഷിന്റെ അച്ചനും ഇളയമ്മക്കും പരിക്കേറ്റു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. ഇന്നലെ വൈകുന്നേരം മൂന്നര മണിയോടെ സംഘടിച്ചെത്തിയ പത്തംഗ സിപിഎം സംഘമാണ് അക്രമം നടത്തിയത്. അക്രമത്തില്‍ ലതേഷ്ബാബുവിന്റെ അച്ചന്‍ പി.സി. ബാലകൃഷ്ണന്‍(75), ഇളയമ്മ പി.സി. മാധവിക്കുട്ടി(68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 58പി 9131 നമ്പര്‍ കാറും ഓട്ടോറിക്ഷയും ബൈക്കുമാണ് അടിച്ചുതകര്‍ത്തത്. അക്രമം നടക്കുമ്പോള്‍ ലതേഷ് വീട്ടിലില്ലായിരുന്നു. വീടിന്റെ മുന്‍വശത്തേ യും പിന്‍വശത്തേയും മുഴുവന്‍ ജനലുകളും തകര്‍ന്നിട്ടുണ്ട്. കോടിയേരിയില്‍ ഇന്നലെ രാവിലെ സിപിഎം അക്രമികള്‍ നാല് വീടുകള്‍ തകര്‍ത്തിരുന്നു.















