ഹരിപ്പാട്: തര്‍ക്കത്തെ തുടര്‍ന്ന് ഫലപ്രഖ്യാപനം മാറ്റിവെച്ച പായിപ്പാട് ജലോത്സവത്തില്‍ പായിപ്പാട് ചുണ്ടന്‍ വിജയിച്ചതായി ജലോത്സവ സമിതി ചെയര്‍മാന്‍ ചെങ്ങന്നൂര്‍ ആര്‍ഡിഒ എ. ഗോപകുമാര്‍ ഫലപ്രഖ്യാപനം നടത്തി. വെള്ളിയാഴ്ച നടന്ന ജലോത്സവത്തിന്റെ ഫൈനല്‍ മത്സരത്തില്‍ ആയാപറമ്പ് പാണ്ടി, പായിപ്പാട്, കാരിച്ചാല്‍ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.
എന്നാല്‍ ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ ട്രാക്ക് തെറ്റിച്ച് ആയാപറമ്പ് പാണ്ടി ചുണ്ടന്‍ തുഴപ്പാടകലത്തില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഫലപ്രഖ്യാപനം മാറ്റിവെച്ചു.
ഇന്നലെ ചെങ്ങന്നൂര്‍ ആര്‍ഡിഒ മുമ്പാകെ ചുണ്ടന്‍വള്ളങ്ങളുടേയും ജലോത്സവ സമിതിയുടേയും ഭാരവാഹികളുടെ നേതൃത്വത്തില്‍ മത്സരവള്ളംകളിയുടെ വീഡിയോ ക്ലിപ്പുകളും ചിത്രങ്ങളും പരിശോധിച്ച ശേഷം പായിപ്പാട് ചുണ്ടന്‍ ഒന്നാമതും കാരിച്ചാല്‍ ചുണ്ടന് രണ്ടാമതും എത്തിയതായി പ്രഖ്യാപിച്ചു. ട്രാക്ക് തെറ്റിച്ചതിന് ആയാപറമ്പ് പാണ്ടി ചുണ്ടനെ അയോഗ്യത കല്‍പ്പിച്ചു.















