കോഴിക്കോട്: നരേന്ദ്ര മോദി സര്‍ക്കാര്‍ ദളിത് പീഡനം നടത്തുന്നവെന്നത് വ്യാജ ആരോപണമാണെന്ന് മാധ്യമങ്ങളുടെ ചുമതലയുള്ള ബിജെപിദേശീയ സെക്രട്ടറി ശ്രീകാന്ത്ശര്‍മ്മ. പാര്‍ട്ടി ദേശീയ സമ്മേളനത്തിന്റെ തയ്യാറെടുപ്പുകള്‍ക്ക് കോഴിക്കോട്ടെത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ യുപിഎ ഭരണത്തില്‍ രണ്ടര ലക്ഷം കേസുകളാണ് ഉണ്ടായത്. വാജ്‌പേയി സര്‍ക്കാര്‍കാലത്തേക്കാള്‍ 246% അധികമായിരുന്നു അത്. ഇന്നത് വളരെ വളരെ കുറഞ്ഞിരിക്കുന്നു. യുപിയില്‍ മായാവതിയുടെ അഞ്ചു വര്‍ഷ ഭരണത്തില്‍ 30,000 ദളിത് പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1076 ദളിതുകള്‍ അഞ്ചു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ദളിത് സമൂഹത്തിന്റെ ഉന്നമനത്തിന് പദ്ധതികളാവിഷ്‌കരിക്കുന്നു. ഓരോ 50 ദിവസത്തിനിടയിലും പാവപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി നരേന്ദ്രമോദി സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നു.
ഏറ്റവും കൂടുതല്‍ ദളിത് എംപിമാരും എംഎല്‍എമാരുമുള്ള പാര്‍ട്ടിയെയാണ് ദളിത് വിരുദ്ധമെന്ന് ചിത്രീകരിക്കുന്നത്. ഇത് മോദിക്കും ബിജെപിക്കുമെതിരായ ഗൂഢാലോചനയാണ, വ്യാജ പ്രചാരണങ്ങളാണ്. കോണ്‍ഗ്രസ് ചൂഷണം ചെയ്ത സമൂഹത്തെ ബിജെപി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ദീനദയാല്‍ ജിയുടെ അന്ത്യോദയ എന്ന സ്വപ്‌നമാണ് സാക്ഷാത്കരിക്കുന്നത്. ഗ്രാമീണ ഭാരതത്തെ പരിഗണിക്കുന്ന സര്‍ക്കാരാണിത്. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളിലൂടെ പാവപ്പെട്ടവന്റെ സുരക്ഷ ഉറപ്പാക്കിയതാണ് മോദി സര്‍ക്കാരിന്റെ നേട്ടം.
അഴിമതികളുടെ കാലമായിരുന്നു യുപിഎ. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം അഴിമതി എതിരാളികള്‍ പോലും ആരോപിക്കുന്നില്ല. ഇടത്തട്ടുകാരുടെ യുഗം അവസാനിച്ചു. സബ്‌സിഡി കര്‍ഷകന് നേരിട്ട് ലഭിക്കുന്നു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് രാഹുല്‍ഗാന്ധി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ഗുജറാത്തിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഗോവയിലും ബിജെപി തുടര്‍ ഭരണത്തിലാണ്. ഗോവയില്‍ ന്യൂനപക്ഷ സമൂഹ നേതാവാണ് മുഖ്യമന്ത്രി. ഇവിടങ്ങളില്‍ ദളിത് ന്യൂനപക്ഷ സമൂഹത്തിന്റെ പിന്തുണ ബിജെപിക്കാണ്.
ദക്ഷിണ ഭാരതത്തില്‍ ബിജെപി ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇരു മുന്നണികളായി രാഷ്‌ട്രീയ ധ്രുവീകരണം നടന്ന ഈ സംസ്ഥാനങ്ങളിലും ബിജെപി കരുത്ത് നേടുകയാണ്. രണ്ട് എംപി മാര്‍ മാത്രമുണ്ടായിരുന്നിടത്ത് നിന്ന് ബിജെപി ഭരണ പക്ഷമായി. ദക്ഷിണ ഭാരതത്തിലും ബിജെപി മുന്നേറും കാലം അത് തെളിയിക്കും.
കേരളത്തിന് വികസനം ആവശ്യമാണ്. അഴിമതി മുക്തഭരണം അവര്‍ പ്രതീക്ഷിക്കുന്നു. ഇടതു സര്‍ക്കാര്‍ വര്‍ഗീയ പക്ഷപാതം നടത്തുന്നു. കുട്ടികളും യുവതികളും ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നു. എന്ത് നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തത്. വോട്ടുബാങ്ക് രാഷ്‌ട്രീയത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുകയാണ്. സുരക്ഷയും സമാധാനവും വികസനവുമാണ് കേരളം പ്രതീക്ഷിക്കുന്നത്.
സിപിഎം നേതൃത്വം പരാജയപ്പെട്ടു. കൊലപാതകരാഷ്‌ട്രീയമാണ് സിപിഎം നടപ്പാക്കുന്നത്. ബിജെപി സംസ്ഥാന ഓഫീസു വരെ ആക്രമിക്കാന്‍ പാര്‍ട്ടി തയ്യാറായിരിക്കുന്നു. ദേശിയ കൗണ്‍സിലിന് ലഭിക്കുന്ന വലിയ പിന്തുണ കേരള രാഷ്‌ട്രീയത്തെ മാറ്റിമറിക്കും. ഇനി ബിജെപിയുടെ കാലമാണ്, ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
















