പൂച്ചാക്കല്‍: കിടപ്പുരോഗിയായ ഗീതക്ക് ഭക്ഷണം നല്‍കാന്‍ വൃദ്ധയായ അമ്മ മാധവിക്ക് ഇനി അധികം ബുദ്ധിമുട്ടേണ്ട. കാരുണ്യമതികളായ ഓട്ടോക്കാര്‍ അമ്മയുടെ ആവശ്യം നിറവേറ്റി. അത്തത്തിന് വീട്ടിലെത്തിയ കായംകുളം സ്വദേശികളായ ഓട്ടോക്കാര്‍ അന്ന് വാക്ക് നല്‍കി. ആവശ്യത്തിനനുസരിച്ച് ഉയര്‍ത്താനും താഴ്‌ത്താനും കഴിയുന്ന തരത്തിലുള്ള കട്ടിലും, വാട്ടര്‍ ബെഡ്ഡും തങ്ങള്‍ നല്‍കാം.
അത്തത്തിന് നല്‍കിയ ആ വാക്ക് തിരുവോണത്തിന് പാലിച്ചു. ഓട്ടോറിക്ഷത്തൊഴിലാളികളുടെ കൂട്ടായ്‌മയായ അദ്ധ്വാന വിഹിത ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് എന്ന പേരിലറിയപ്പെടുന്ന സംഘമാണ് 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് പാണാവള്ളി പാണാവള്ളി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് കൊട്ടാരച്ചിറവീട്ടില്‍ എത്തിയത്.
പാരാപ്ലീഡിയ അസുഖം ബാധിച്ച് 17 വര്‍ഷമായി കിടപ്പിലാണ് ഗീത. ഇതറിഞ്ഞസംഘം അത്തത്തിന് ഗീതക്കുള്ള ഓണക്കോടിയും, പലചരക്ക്, പച്ചക്കറി, സാമ്പത്തിക സഹായം എന്നിവ എത്തിച്ചിരുന്നു.
പ്രത്യേകതരത്തിലുള്ളകട്ടിലിനും, കിടക്കക്കുമായി 20,000 രൂപയോളം ഇവര്‍ക്ക് ചെലവായി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോയും സംഘം നല്‍കി.
കൂട്ടായ്‌മയുടെ രക്ഷാധികാരിയും മോട്ടാര്‍ വാഹന വകുപ്പ് കുന്നത്തൂര്‍ ഓഫീസിലെ എംവിഐയുമായ എം.ജി. മനോജ്, ട്രഷറര്‍ ഷിജാര്‍ മുഹമ്മദ്, എക്‌സിക്യൂട്ടിവ് മെമ്പര്‍ അബ്ദുള്‍ നസീര്‍ എന്നിവരാണ് സഹായവുമായെത്തിയത്.
















