കണ്ണൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് യാത്രക്കാര്‍ കുറവാണെന്ന് കണ്ടതിനെ തുടര്‍ന്ന് ദക്ഷിണറെയില്‍വേ നിര്‍ത്തലാക്കിയ ചാല റെയില്‍വേ സ്റ്റേഷന്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കണ്ണൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇത് ഒരു പരിധിവരെ പരിഹാരമാകും. ചാല റെയില്‍വേ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിനുകള്‍ നിര്‍ത്തിയാല്‍ നിരവധി യാത്രക്കാര്‍ക്ക് കണ്ണൂര്‍ നഗരം സ്പര്‍ശിക്കാതെ ജില്ലയുടെ വിവിധ മേഖലകളില്‍ എത്തിപ്പെടാന്‍ കഴിയും. തോട്ടട പോളിടെക്‌നിക്ക്, ഐടിഐ, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, എസ്എന്‍ കോളേജ്, ഇഎസ്‌ഐ ആശുപത്രി, ഐഎച്ച്ടിടി, ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ഓട്ടോമൊബൈല്‍ സ്ഥാപനങ്ങള്‍, കൃഷി, മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ചാല റെയില്‍വേ സ്റ്റേഷന്‍ സഹായകരമാകും. ജില്ലയിലെ ജനപ്രതിനിധികള്‍ കക്ഷിരാഷ്‌ട്രീയഭേദമന്യേ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെ ബുദ്ധിമുട്ടുകളും ഉണ്ടാകില്ല. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചാല്‍ വിമാനത്താവളത്തില്‍ ഗതാഗതക്കുരുക്കില്ലാതെ എത്തിപ്പെടുന്നതിന് ഇത് സഹായകരമാകും.
















