കണ്ണൂര്‍ : കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാം സഭ ഗവ. എച്ച്എസ്എസിലെ അയ്യായിരത്തോളം പൂര്‍വ്വ വിദ്യാര്‍ഥികള്‍ അണിനിരക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ‘ഓര്‍മത്തോപ്പ്’ പരിപാടി എ.എന്‍.കോയക്കുഞ്ഞി സ്‌ക്വയറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചയ്‌ക്ക് മൂന്നിന് ഓര്‍മത്തോപ്പ് ചെയര്‍മാന്‍ ഒ.മുഹമ്മദ് അസ്ലം പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് ഔപചാരിക തുടക്കമാകും. 18 ന് രാവിലെ പത്തിന് മേയര്‍ ഇ.പി. ലത ഉദ്ഘാടനം ചെയ്യും. ഓര്‍മ്മത്തോപ്പ് സമര്‍പിക്കുന്ന സ്മാര്‍ട്ട് ക്ലാസ് റൂം ഇ അഹമദ് എം.പി ഉദ്ഘാടനം ചെയ്യും. ഗുരുശിഷ്യ ബന്ധത്തിന്റെ പ്രാധാന്യം ആവിഷ്‌കരിക്കുന്ന സ്‌നേഹ ചൂരല്‍ പരിപാടി കേരള ഹൈക്കോടതി ജഡ്ജിയും പൂര്‍വ്വ വിദ്യാര്‍ഥിയുമായ കൗസര്‍ എടപകത്ത് ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി മുന്‍ ജസ്റ്റിസ് വി.ഖാലിദ്, ബ്രസീല്‍ ഒളിമ്പിക്‌സ് പ്രചരണ വിഭാഗം മേധാവി ഡോ.മുഹമ്മദ് ഖാന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഡോ.ഉമറുല്‍ ഫാറൂഖ് നയിക്കുന്ന ‘നിങ്ങളെ കാത്തിരിക്കുന്ന വാര്‍ദ്ധക്യം’ എന്ന സെഷനില്‍ കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചാറ്റിംഗ് ആന്റ് ചീറ്റിങ് എന്ന ബോധവത്കരണ സെഷന്‍ അസി.കമാന്റന്റ് വി.കെ.അബ്ദുള്‍ നിസാര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മുന്‍ എംഎല്‍എ എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യും. അറക്കല്‍ ആദിരാജ മുഹമ്മദ് റാഫി മുഖ്യാതിഥിയാകും. പൂര്‍വ്വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. ഒ.മുഹമ്മദ് അസ്ലം, സി.സമീര്‍, ഇ.മുഹമ്മദ് റുഷ്ദി, കെ.എം.സാബിറ, സി.ഉമര്‍ ഫാറൂഖ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















