ചേര്‍ത്തല: ചരിത്രത്തിന്റെ ഭാഗമാകാന്‍ കണിച്ചുകുളങ്ങരയില്‍ ഇന്ന് മെഗായോഗ. ചതയദിനാഘോഷത്തിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയനാണ് നാനാ ജാതി മതസ്ഥരായ 1001 പേര്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. വൈകിട്ട് നാലിന് ദേവസ്വം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ സിനിമാതാരം ശ്വേതാമേനോന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യമുള്ള ശരീരവും മനസും എന്ന ലക്ഷ്യത്തോടൊപ്പം യോഗയെ ജനകീയവത്കരിക്കുകയാണ്അര മണിക്കൂര്‍ നീളുന്ന പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും ആരോഗ്യമെന്നത് ഗുരുദേവന്റെ തീര്‍ത്ഥാടന ലക്ഷ്യങ്ങളില്‍ ഒന്നാണ്. വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 50 മാസ്റ്റര്‍ ട്രെയിനികളാണ് അംഗങ്ങളെ പരിശീലിപ്പിച്ചത്. ഒരു ശാഖയില്‍ നിന്ന് 20 പേര്‍ വീതം വെള്ള വസ്ത്രം ധരിച്ചാണ്പ്രദര്‍ശനത്തിനെത്തുന്നത്. പ്രദേശത്തെ മുഴുവന്‍ വീടുകളിലും യോഗയുടെ സന്ദേശമെത്തിക്കുന്നതിനും ജാതി മത വ്യത്യാസമില്ലാതെ ജനങ്ങളെ യോഗ പരിശീലനത്തില്‍ പങ്കാളികളാക്കി പതിവായി പരിശീലനം നല്‍കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്‍ പറഞ്ഞു.
















