പള്ളിക്കുന്ന്: ശതാബ്ദി ആഘോഷിക്കാന്‍ പോകുന്ന സംഘപ്രസ്ഥാനങ്ങളെ കള്ളപ്രചാരണങ്ങള്‍ കൊണ്ടും അപവാദപ്രചാരണങ്ങള്‍ കൊണ്ടും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. സംഘപ്രസ്ഥാനങ്ങള്‍ക്കെതിരായ അപവാദ പ്രചാരണങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി പള്ളിക്കുന്ന് മേഖലാ കമ്മറ്റി കൃഷ്ണമേനോന്‍ വനിതാ കോളേജിന് മുന്നില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഭാരതം ഭരിച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ക്ക് പോലും ആഗ്രഹിച്ചിട്ടും നടത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സംഘപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ സിപിഎമ്മിന്റെ മുഖ്യമന്ത്രി കേരളത്തില്‍ ശ്രമം നടത്തിയാല്‍ അതിനെ ഏത് രീതിയില്‍ നേരിടണമെന്ന് സംഘപ്രസ്ഥാനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ബിജെപി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വി.ടി.രത്‌നാകരന്‍, രവീന്ദ്രനാഥ് ചേലേരി തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.കെ.സന്തോഷ് കുമാര്‍ സ്വാഗതവും ടി.ബിജു നന്ദിയും പറഞ്ഞു. പള്ളിപ്രം പ്രകാശന്‍, കെ.പി.അജിത്ത് കുമാര്‍, എം.വി.ഉണ്ണികൃഷ്ണന്‍, മനോജ് കാട്ടാമ്പള്ളി, സച്ചിന്‍, അര്‍ജ്ജുന്‍, കെ.പി.സരസ്വതി തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി.
















