അമ്പലപ്പുഴ: വൈദ്യുതിബന്ധം നിലച്ചു; ആശുപത്രി പേ വാര്‍ഡില്‍ സംഘര്‍ഷം. ആലപ്പുഴ കടപ്പുറം ആശൂപത്രിയിലാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. രാവിലെ ഒന്‍പതു മണിയോടെ അപ്രഖ്യാപിതമായി പേവാര്‍ഡുകളിലെ വൈദ്യുതിബന്ധം നിലയ്‌ക്കുകയായിരുന്നു.
തുടര്‍ന്ന് ദിനചര്യയ്‌ക്കു പോലും ഒരു തുള്ളി വെള്ളം ലഭിയ്‌ക്കാതായി. പേ വാര്‍ഡുകളിലെ മുറികളില്‍ ഫാന്‍ പ്രവര്‍ത്തനരഹിതമായതോടെ പ്രസവിച്ച സ്ത്രീകളും ഗര്‍ഭിണികളുമടങ്ങിയവരുടെ ബന്ധുക്കളും ജീവനക്കാരുമായി സംഘര്‍ഷാവസ്ഥയുടെ വക്കിലെത്തുകയായിരുന്നു. വൈദ്യതി നിലച്ച വിവരം ജീവനക്കാര്‍ നിരവധി തവണ തിരുവമ്പാടി കെഎസ്സ്ഇബി ഓഫീല്‍ അറിയിച്ചെങ്കിലും വൈകിട്ട് അഞ്ചരമണികഴിഞ്ഞിട്ടും വൈദ്യുതിയെത്തിയില്ല.
ന്യൂപേ വാര്‍ഡിലും ജനതാ പേവാര്‍ഡിലും അനേകം സ്ത്രീകളെയും കുട്ടികളെയുമാണ് പ്രവേശിപ്പിച്ചിരിയ്‌ക്കുന്നത്. ഫാനുകള്‍ പ്രവര്‍ത്തിയ്‌ക്കാത്തതിനാല്‍ കൊതുകുശല്യവും വര്‍ദ്ധിച്ചു. ഇവിടെ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിയ്‌ക്കാന്‍ ഇതുവരെ വൈദ്യുതി ബോര്‍ഡ് അനുവാദവും നല്‍കിയില്ല.
ആശുപത്രികളില്‍ വൈദ്യുതി മുടങ്ങാന്‍ പാടില്ലന്ന നിയമം കാറ്റില്‍ പറത്തി രോഗികളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയായിരുന്നു വൈദ്യുതി ബോര്‍ഡ്. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുക്കണമെന്ന ആവശ്യം ശക്തമായി.
















