പരിയാരം: പരിയാരം മെഡിക്കല്‍ കോളേജ് അനധികൃതമായി ഭൂമി വിട്ടുനല്‍കിയതായി പരാതി. കൃഷിവകുപ്പിനാണ് ഒരിഞ്ച് സ്ഥലം പോലും സ്വന്തമായി ഇല്ലാത്ത പരിയാരം മെഡിക്കല്‍ കോളേജ് സ്ഥലം അനുവദിച്ചത്. കൃഷിവകുപ്പിന് കീഴിലുള്ള ഹരിത പച്ചക്കറി സ്റ്റാള്‍ തുടങ്ങാന്‍ ഭൂമി അനുവദിക്കണമെന്ന അപേക്ഷയിലാണ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചത്. നായനാര്‍ ഭരണകാലത്ത് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് വന്ന ആന്റണി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എം.വി.രാഘവന്റെ നേതൃത്വത്തിലുള്ള സൊസൈറ്റിക്കു തന്നെ കൈമാറുകയായിരുന്നു. ആന്റണി സര്‍ക്കാര്‍ കെട്ടിടങ്ങളും ഭരണസാരഥ്യവും സൊസൈറ്റിക്ക് തിരിച്ച് നല്‍കിയപ്പോള്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെ നിലനിര്‍ത്തുകയായിരുന്നു. ഈ സ്ഥലം സര്‍ക്കാര്‍ ഉടമസ്ഥതയിലാണെന്ന് മനസ്സിലായതിനാല്‍ വര്‍ഷങ്ങളായി വീല്ലേജ് ഓഫീസ് അധികൃതര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ഭൂനികുതി സ്വീകരിക്കാറില്ല. ഇത്തരത്തിലുള്ള സ്ഥലമാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ കൃഷിവകുപ്പിന് കൈമാറിയത്.
















