പള്ളുരുത്തി: സിപിഎം സാംസ്‌ക്കാരിക സംഘടനകള്‍ നടത്തുന്ന ഓണാഘോഷത്തിന്റെ പേരിലും ഗ്രൂപ്പുപോര്. പള്ളുരുത്തി സൗത്ത് ലോക്കല്‍ കമ്മറ്റിയുടെ കീഴിലുള്ള കോണം പ്രദേശത്താണ് ചേരിതിരിഞ്ഞ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. പള്ളുരുത്തിയിലെ മുന്‍ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സാംസ്‌ക്കാരിക സംഘടനയ്‌ക്കെതിരെ മുന്‍ നഗരസഭാംഗവും യുവഅഭിഭാഷകന്റെ നേതൃത്വത്തിലുള്ള സംഘടനയാണ് രംഗത്തെത്തിയത്. മൂന്നു വര്‍ഷം മുന്‍പ് നടന്ന പാര്‍ട്ടി പടലപ്പിണക്കങ്ങളുടെ പേരിലാണ് സംഘടനകളുടെ പരസ്യ പോര്. പതിനൊന്നാം തീയതി മുതലാണ് വി.എസ്. വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ദേശാഭിമാനി ആര്‍ട്‌സ് സെന്ററിന്റെ ഓണാഘോഷം, 5 ദിവസങ്ങളിലായി നടക്കുന്ന ആഘോഷങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കും. പിണറായി പക്ഷവും ലക്ഷങ്ങള്‍ മുടക്കിയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. അണികളിലും അനുഭാവികളിലും വരെ പരസ്യമായ വിഭാഗീയത പ്രകടമാണ്. എംഎല്‍എമാരായ എം. സ്വരാജും, ജോണ്‍ ഫെര്‍ണ്ണാണ്ടസും ഇരുപരിപാടികളിലും പങ്കെടുക്കുന്നുണ്ട്.
















