ന്യൂദല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളായ ചലച്ചിത്രതാരങ്ങളില്‍ ചോദ്യം ചോദിക്കാത്തവരും ചര്‍ച്ചയില്‍ പങ്കെടുക്കാത്തവരും. രേഖയാണ് താര എംപിമാരില്‍ ഹാജര്‍ നിലയില്‍ ഏറ്റവും പിന്നിലുള്ളത്. ഏറ്റവും കൂടുതല്‍ ഹാജരുള്ളത് ബിജെപി എംപി കിരണ്‍ ഖേറിനും. കിരണ്‍ ഖേറിന് 85 ശതമാനം ഹാജരുള്ളപ്പോള്‍ രേഖയ്‌ക്ക് അഞ്ച് ശതമാനം മാത്രം. ചലച്ചിത്രതാരങ്ങളായ പാര്‍ലമെന്റ് അംഗങ്ങളെക്കുറിച്ചുള്ള പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് എന്ന സംഘടനയുടെ പഠനത്തിലാണ് വിവരങ്ങള്‍.
ലോക്‌സഭാ എംപിമാരുടെ ശരാശരി ഹാജര്‍ 82 ശതമാനവും രാജ്യസഭാ എംപിമാരുടേത് 79 ശതമാനവുമാണ്. അഹമ്മദാബാദ് ഈസ്റ്റിലെ ബിജെപി എംപി പരേഷ് റാവല്‍, ബിര്‍ഭൂമിലെ തൃണമൂല്‍ എംപി ശതാബ്ദി റോയ്, വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ബിജെപി എംപി മനോജ് തിവാരി എന്നിവരാണ് മുന്നിലുള്ളവര്‍.
ദീപക് അധികാരി (ഒമ്പത് ശതമാനം), മിഥുന്‍ ചക്രവര്‍ത്തി (10 ശതമാനം), വിനോദ് ഖന്ന (59 ശതമാനം), ജയാബച്ചന്‍ (74 ശതമാനം), മൂണ്‍ മൂണ്‍ സെന്‍ (70 ശതമാനം), തപസ് പോള്‍ (64 ശതമാനം), ശത്രുഖ്‌നന്‍ സിന്‍ഹ (68 ശതമാനം), ഹേമമാലിനി (37 ശതമാനം) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ ഹാജര്‍ നില. തൃണമൂല്‍ എംപിയായ ദീപക് അധികാരി ഒരു ചര്‍ച്ചയില്‍ മാത്രമാണ് സംബന്ധിച്ചത്. ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല.
മിഥുന്‍ ചക്രവര്‍ത്തിയും ശത്രുഘ്‌നന്‍ സിന്‍ഹയും രേഖയും ചോദ്യം ചോദിക്കുകയോ ചര്‍ച്ചകളില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല. വിനോദ് ഖന്ന 79 ചര്‍ച്ചകളില്‍ പങ്കെടുത്തു. 39 ചോദ്യങ്ങള്‍ ചോദിച്ചു. ഹേമമാലിനി 10 ചര്‍ച്ചകളില്‍ സംബന്ധിച്ചപ്പോള്‍ 113 ചോദ്യങ്ങള്‍ ഉന്നയിച്ചു.
















