ചെന്നൈ: കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ഭയമുനമ്പിൽ നിർത്തി വ്യാജ ബോംബ് സന്ദേശങ്ങൾ അയച്ച കേസിൽ തമിഴ്‌നാട് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിലായി. അമേരിക്കയിലെ ടെക്‌സസിൽ ജോലി ചെയ്യുന്ന ശരത് സുബ്രഹ്മണ്യം ശങ്കറിനെ അവധിക്കാലത്ത് നാട്ടിലെത്തിയപ്പോൾ തമിഴ്‌നാട് ഭീകരവിരുദ്ധ സ്‌ക്വാഡാണ് വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.
മൂന്നു വർഷത്തിനിടെ 1500ൽ അധികം ഭീഷണി സന്ദേശങ്ങളാണ് ഇയാൾ അയച്ചത്. വിമാനത്താവളങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളാണു ലക്ഷ്യമാക്കിയിരുന്നത്. തമിഴ്നാട്ടിൽ മാത്രം നൂറിലധികം കേസുകളാണുള്ളത്. കോടതിയിൽ ഹാജരാക്കിയ ശരത്തിനെ റിമാൻഡ് ചെയ്തു.
















